കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ കക്കൂസ് മാലിന്യം റോഡരികിൽ ഒഴുക്കി
1546160
Monday, April 28, 2025 2:01 AM IST
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുര്‍ഗന്ധംവമിക്കുന്ന മലിനജലം റോഡരികിലേക്ക് ഒഴുക്കി വിട്ടു. തമിഴ്നാട്ടില്‍ നിന്നും വന്ന കരാർസംഘം ഇന്നലെ പട്ടാപ്പകലാണ് റോഡരികിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. സ്വീവേജ് പ്ലാന്റ് വീണ്ടും പണിമുടക്കിയതിനെ തുടർന്നാണ് കരാർ എടുത്ത കമ്പനി തൊഴിലാളികളെ ഉപയോഗിച്ച് മലമൂത്ര വിസര്‍ജ്യങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കിവിട്ടത്.
കൊച്ചുകുട്ടികളുമായെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പ്ലാന്റിന്റെ ടാങ്കിനകത്തേക്കിറങ്ങി മലിനജലം മുക്കിയെടുത്ത് റോഡിലേക്ക് ഒഴുക്കിയത്. നേരത്തേയും ഈ പ്ലാന്റില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടത് ബഹുജനസമരത്തിന് ഇടയാക്കിയിരുന്നു.
സ്വീവേജ് പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കരാര്‍ എടുത്തയാളാണ് തങ്ങളുടെ അറിവോ സമ്മത തോ കൂടാതെ മാലിന്യം ഒഴുക്കിയതെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവം അറിഞ്ഞയുടൻ സ്റ്റോപ്പ് മെമ്മോ കൊടുത്ത് പ്രവൃത്തി നിർത്തിവയ്പ്പിച്ചതായും അധികൃതര്‍ പറഞ്ഞു.
കര്‍ശന നടപടിയെന്ന് സൂപ്രണ്ട്
റോഡരികിലേക്ക് കക്കൂസ് മാലിന്യ ഒഴുക്കിയവർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കെ കരാര്‍ പ്രകാരം പ്രവൃത്തി ചെയ്യാനേല്‍പ്പിച്ച ഏജന്‍സി മെഡിക്കല്‍ കോളജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ കളക്ഷന്‍ ടാങ്ക് ശുദ്ധീകരണ ജോലിയുടെ ഭാഗമായി ടാങ്കിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കലക്ഷന്‍ ടാങ്കിന് സമീപം കൂട്ടിയിട്ടതായി ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇക്കാര്യം വ്യക്തമായ ഉടൻ പ്രസ്തുത പ്രവൃത്തി നിര്‍ത്തി വയ്ക്കാനുള്ള അടിയന്തര സ്റ്റോപ്പ് മെമ്മോ നല്കിയ തായും സൂപ്രണ്ട് അറിയിച്ചു. ഇക്കാര്യം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കുവാനായി എൻജിനിയറിംഗ് വിഭാഗം തലവനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയ ഉടനെ തന്നെ ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.