കുളമ്പ് രോഗ നിയന്ത്രണ പദ്ധതി: ആറാംഘട്ടം കുത്തിവയ്പ് നാളെ മുതൽ
1547113
Thursday, May 1, 2025 2:07 AM IST
കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ മൃഗസംര ക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്കുള്ള ആറാംഘട്ട കുളമ്പ് രോഗനിയന്ത്രണ പ്രതിരോധ കുത്തിവയ്പ് രണ്ടുമുതൽ ആരംഭിക്കും.
ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രണ്ടിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി നിർവഹിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.എം. അജിത പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ മുതൽ 23 വരെ നടക്കുന്ന പരിപാടിയിൽ നാല് മാസത്തിൽ കൂടുതൽ പ്രായമുള്ള പശു/എരുമകൾക്ക് വാക്സിനേറ്റർമാർ വീടുകളിലെത്തി സൗജന്യ കുത്തിവയ്പ് നടത്തും. കുളമ്പ് രോഗ നിയന്ത്രണ പദ്ധതി സംസ്ഥാനത്ത് നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവയ്പ് നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്പുകൊണ്ട് അപകടങ്ങൾ സംഭവിച്ചാലുള്ള നഷ്ടപരിഹാരം സർക്കാർ നൽകും.
പത്രസമ്മേളനത്തിൽ ഡോ. കെ.വി. സന്തോഷ്, ഡോ. കെ.എസ്. ജയശ്രീ, ഡോ. നിതിന കെ. ബാബുരാജ്, ഡോ. പദ്മരാജ് എന്നിവർ പങ്കെടുത്തു.