കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിസന്ധിയിലാഴ്ത്തി സോഫ്റ്റ്വേർ തകരാർ
1546389
Tuesday, April 29, 2025 12:56 AM IST
കണ്ണൂർ: പരീക്ഷാ സംവിധാനങ്ങളിലെ തുടർച്ചയായ പിഴവുകൾക്കു പിന്നാലെ സോഫ്റ്റ്വേറിന്റെ തകരാർ കണ്ണൂർ സർവകലാശാലയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു.
മഹാരാഷ്ട്ര പ്രവർത്തിക്കുന്ന കന്പനി കണ്ണൂർ സർവകലാശാലയ്ക്ക് സ്ഥാപിച്ചു നൽകിയ എംകെസിഎൽ കന്പനിയുടെ ഇന്റേണൽ മാർക്ക് എൻട്രി നടത്താനുള്ള കെ-റീപ്പ് സോഫ്റ്റ്വേർ സംവിധാനമാണ് രണ്ടാംവട്ടവും തകരാറിലായത്. എഫ്വൈയുജിപി വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സംവിധാനം എൻട്രി ചെയ്യേണ്ടത് ഈ സോഫ്റ്റ്വേറിലാണ്.
ഒന്നാം സെമസ്റ്ററിന്റെ മാർക്ക് എൻട്രി ചെയ്യുന്ന വേളയിലും തകരാർ സംഭവിച്ചിരുന്നു. ഇപ്പോൾ രണ്ടാം സെമസ്റ്റർ ഇന്റേണൽ മാർക്ക് എൻട്രി ചെയ്യേണ്ട സമയത്താണ് വീണ്ടും തകരാറിലായത്.
സോഫ്റ്റ്വേർ തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇന്റേണൽ മാർക്കുകൾ എൻട്രി ചെയ്യുന്നതിനുള്ള സമയം സർവകലാശാല ദീർഘിപ്പിച്ചിരുന്നു.
ഏപ്രിൽ 23 മുതൽ മേയ് അഞ്ചുവരെയായിരുന്നു ദീർഘിപ്പിച്ച സമയം. എന്നാൽ ഇന്നലെ വരെയും സോഫ്റ്റ്വേറിന്റെ അപകാത പരിഹരിക്കാനായിട്ടില്ല.
സോഫ്റ്റ്വേർ തകരാറിലായതോടെ ഇന്റേണൽ മാർക്ക് സമർപ്പിക്കാൻ കഴിയാതെ അധ്യാപകർ ബുദ്ധിമുട്ടുകയാണ്. ഇന്റേണൽ മാർക്ക് എൻട്രി ചെയ്യാനുള്ള സോഫ്റ്റ്വേർ തകരാറിലായത് അക്കാഡമിക് മേഖലയെ ആശങ്കയിലാക്കുന്നുണ്ട്.
വിദ്യാർഥികളുടെ മാർക്ക് പ്രസ്തുത സോഫ്റ്റ്വേറിലൂടെ സമർപ്പിക്കുന്നത് ഭാവിയിൽ വലിയ ദുരന്തത്തിനിടയാക്കുമെന്നും വിശ്വാസ്യതയില്ലാത്ത കമ്പനിയെയാണ് സർവകലാശാല ഉത്തരവാദിത്തം ഏൽപ്പിച്ചതെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും യുഡിഎഫ് സെനറ്റ് ഫോറവും തുടക്കത്തിലേ ചൂണ്ടിക്കാണിച്ചിരുന്നു.
സർവകലാശാലയുടെ വാർഷിക സെനറ്റിൽ എം കെസിഎൽ കമ്പനിയുമായുള്ള ഇടപാടിൽ നിന്നും സർവകലാശാല പിന്തിരിയണമെന്ന ആവശ്യവും ഉയർന്നിരുന്നുവെങ്കിലും ഇക്കാര്യം സർവകലാശാല തള്ളുകയായിരുന്നു.