ചുഴലിക്കാറ്റും മഴയും ഇരിട്ടി മേഖലയിൽ വ്യാപക നാശം
1546993
Wednesday, April 30, 2025 7:58 AM IST
ഇരിട്ടി: ഇന്നലെ സന്ധ്യയോടെ ഇരിട്ടി മേഖലയിൽ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശം. കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. മയിലാടുംപാറയിൽ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ കൂറ്റൻ മരത്തിന്റെ ശിഖരം പൊട്ടി വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതേ തുടർന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. മരങ്ങൾ വീണ് മറ്റിടങ്ങളിലും വാഹനം തകർന്നിട്ടുണ്ട്.
നിരവധിയിടങ്ങളിൽ വൈദ്യുത തൂണുകൾ തകർന്നു. മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. ഇരിട്ടി ടൗണിലെ കൽപക ബിൽഡിംഗിനു മുകളിലെ റൂഫിംഗ് ഷീറ്റുകൾ മുഴുവനായും കാറ്റിൽ ഇളകി പറന്നു പോയി കാറ്റിൽ പറന്ന ഷീറ്റുകൾ വീണതിനെ തുടർന്ന് നിത്യസഹായമാതാ ഫൊറോന പള്ളിക്ക് സമീപം നിർത്തിയിട്ട് രണ്ടു കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പള്ളി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നേത്ര കണ്ണാശുപത്രയുടെ ഉടമ സലിൽ കുമാറിന്റെ കാറും സമീപത്തെ ജ്വല്ലറിയിലെ മനോജ് കുമാറിന്റെ കാറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. പേരാവൂർ റോഡിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. ഇതോടെ വാഹനങ്ങളുടെ നാലു കിലോമീറ്ററിലേറെ വാഹനങ്ങളുടെ നിര രൂപപ്പെട്ടു.
അടുത്തിടെ ടാറിംഗ് നടത്തിയ റോഡിൽ ടാറിംഗിന്റെ ഇരു വശങ്ങളിലുംമുള്ള വലിയ താഴ്ച മണ്ണിട്ട് നികത്താത്തത് കാരണം വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാതെ വന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.വ്യാപക കൃഷി നാശത്തിനൊപ്പം വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പയഞ്ചേരി മുക്കുമുതൽ ഊവാപ്പള്ളിവരെ വരുന്ന ഇരിട്ടി പേരാവൂർ റോഡരികിലെ നിരവധി മരങ്ങൾ പൊട്ടിവീണു. മരങ്ങൾ വീണ് നാലു കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നേരംപോക്ക് റോഡിലെയും ടൗണിലെയും നിരവധി കെട്ടിടങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും ഓടുകളും റൂഫിംഗി ഷീറ്റുകളും കാറ്റിൽ പറന്നുപോയി. ഇവിടെ വൈദ്യതി ബന്ധം വിഛേദിക്കപ്പിട്ടിരിക്കുകയാണ്.