ഓമ്നി വാൻ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചു; രണ്ടുപേർക്കു പരിക്ക്
1547116
Thursday, May 1, 2025 2:07 AM IST
മട്ടന്നൂർ: ചാവശേരിയിൽ ഓമ്നി വാൻ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം മണ്ണം പഴശി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ഓമ്നി വാൻ നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയ ബൈക്കിലും കാറിലും ഇടിക്കുകയായിരുന്നു.
യാത്രികൻ ബൈക്കിൽ കയറാനുള്ള ശ്രമത്തിനിടയിലായിരുന്നു ഓമ്നി വാൻ ബൈക്കിലിടിച്ചത്. ബൈക്കിന് മുകളിൽ കയറിയാണ് ഓമ്നി വാൻ നിന്നത്. ബൈക്ക് യാത്രികൻ തെറിച്ച് സമീപത്തെ വീടിന്റെ ഗേറ്റിന് മുന്നിലാണ് വീണത്. ബൈക്ക് യാത്രികനും ഓമ്നി വാൻ യാത്രികനുമാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.