ചുഴലിക്കാറ്റിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം, ഏക്കറുകണക്കിന് കൃഷി നാശവും
1547117
Thursday, May 1, 2025 2:07 AM IST
ഇരിട്ടി: ചൊവ്വാഴ്ച സന്ധ്യയോടെശക്തമായ മഴക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ കോടികളുടെ നാശനഷ്ടം. ഇരിട്ടി നഗരസഭയിലെ ഇരിട്ടി ടൗൺ, പയഞ്ചേരി, അത്തിത്തട്ട് വാർഡുകളിലും പായം പഞ്ചായത്തിലെ എട്ട്, ഒന്പത്, പത്ത് വാർഡുകളിലുമാണ് വ്യാപകനാശനഷ്ടമുണ്ടായത്. കാറ്റിൽ മരം വീണും, മേൽക്കൂരയിലെ ഓടുകളും റൂഫിംഗ് ഷീറ്റുകളും പറന്നുപോയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
മരങ്ങൾ വീണ് പുത്തൻ കാറുൾപ്പടെയുള്ള വാഹനങ്ങൾ തകർന്നു. ഏക്കറുകണക്കിന് സ്ഥലത്തെ വാഴകൾ, റബർ, കശുമാവ്, മാവ്, തെങ്ങ്, കവുങ്ങ്, പ്ലാവ് തുടങ്ങിയ വിളകൾ നശിച്ചു. നിരവധി വൈദ്യുതി തൂണുകൾ തകർന്നു. വൈദ്യുതി ലൈനുകളും, കേബിളുകളും, വീടുകളിലും റോഡരികുകളിലും മറ്റും നിർത്തിയിട്ടിരുന്ന കാറുകൾ അടക്കമുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇരിട്ടി നഗരസഭയിൽപ്പെട്ട പയഞ്ചേരി, മുടച്ചാൽ, അത്തിത്തട്ട്, ഊവാപ്പള്ളി എന്നിവിടങ്ങളിലും വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. പയഞ്ചേരിയിൽ റോഡരികിലെ നിരവധി മരങ്ങൾ പൊട്ടിവീണു.
വൈദ്യുതി ബന്ധം താറുമാറായി. മുടച്ചാലിൽ എളമ്പിലാൻ സുധീറിന്റെ വീടിന്റെ മേൽക്കൂരയിലെ അഞ്ഞൂറിലധികം ഓടുകൾ കാറ്റിൽ പറന്നു പോയും ഇളകി വീണും നശിച്ചു. മുറ്റത്തു നിർത്തിയിട്ട രജിസ്ട്രേഷൻ കഴിയാത്ത പുത്തൻ കാറിനും കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്തുതന്നെയുള്ള ശ്രീനിലയത്തിൽ ബൈജുവിന്റെ വീടിനോട് ചേർന്ന കൂറ്റൻ പ്ലാവ് വീട്ടു മുറ്റത്തേക്ക് കടപുഴകി വീണു. ചില്ലകൾ തട്ടി വീടിന് കേടുപാടുകൾ സംഭവിച്ചു.
ഊവപ്പള്ളിയിൽ പാലമുറ്റത്ത് പ്രകാശ് കുമാറിന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പ്ലാവ് കടപുഴകിവീണതിനെ തുടർന്ന് തകർന്നു. വീടിന്റെ മേൽക്കൂരക്കും നാശം സംഭവിച്ചു. മീത്തലെ വീട്ടിൽ മനോജ്കുമാറിന്റെ വീട് തെങ്ങ് വീണു തകർന്നു. അത്തിത്തട്ടിൽ സി.കെ. കുരുവിള, ആർ.കെ. രമേശൻ, അനൂപ് പടിപ്പുരക്കൽ, ധരൻ ശിവ്ദാസ്എന്നിവരുടെ വീടുകളുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. അതിത്തട്ടിൽ തന്നെ നിരവധിപേരുടെ നൂറുകണക്കിന് റബർ മരങ്ങൾ കാറ്റിൽ വീണു നശിച്ചു. നിരവധി വൈദ്യുതി തൂണുകളും മരം വീണ് നശിച്ചു.
ചീങ്ങാക്കുണ്ടത്തെ ഇലവുങ്കൽ ബേബിയുടെ മുകൾ നിലയിൽ സ്ഥാപിച്ച റൂഫിംഗ് ഷീറ്റുകൾ മുഴുവൻ പാറിപ്പോയി. വീടിനകത്തെ കട്ടിൽ, കിടക്ക, മറ്റു വീട്ടുപകരണങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു. കരിയാലിലെ ഇലവുങ്കൽ ബിനോയി, ഇലവുങ്കൽ ബേബി എന്നിവരുടെ വീടുകളുടെ മേൽക്കൂരയും കാറ്റിലും മരങ്ങൾ പൊട്ടിവീണും നശിച്ചു. എരുമത്തടത്തെ പുത്തൻപറമ്പിൽ രാജീവന്റെ വീടിനും നാശമുണ്ടായി. കരിയാലിലെ തടത്തിമാക്കൽ തോമസിന്റെ വീടിനു മേൽ പ്ലാവ് വീണ് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പായം ഗവ. യുപി സ്കൂളിന് സമീപം നിതാ ഷാജിയുടെ വീടിനുമുകളിലും മരം കടപുഴകി വീണു.
കാറ്റ് നാശം വിതച്ച മേഖലകൾ സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ്കുമാർ, കരിയാൽ പള്ളി വികാരി ഫാ. മാർട്ടിൻ പറപ്പള്ളിയാത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കളായ പ്രിജേഷ് അളോറ, വി.എം. പ്രശോഭ് എന്നിവർ സന്ദർശിച്ചു. വിവിധ വകുപ്പുകളും നഷ്ടത്തിന്റെ കണക്കെടുത്തു വരികയാണ്.