നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് പിഴ
1546989
Wednesday, April 30, 2025 7:57 AM IST
കണ്ണൂർ: നഗരപരിധിയിലെ അനധികൃത വാഹന പാര്‍ക്കിംഗ്, സര്‍വീസ് എന്നിവ സംബന്ധിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണൻ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലം മാറി പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തിയ നാല് ഓട്ടോറിക്ഷകള്‍, നികുതി, ഫിറ്റ്നെസ് എന്നിവ ഇല്ലാതെ സര്‍വീസ് നടത്തിയ വാഹനം, അംഗീകൃത കളര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ വാഹനം എന്നിങ്ങനെ വിവിധ നിയമ ലംഘങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു.
കൂടാതെ എയര്‍ ഹോണ്‍ ഉപയോഗിച്ചതിനു സ്വകാര്യ ബസിനും അനധികൃത രൂപ മാറ്റം വരുത്തിയതിന് മോട്ടോര്‍ സൈക്കിളിനും പിഴ ചുമത്തി.
ഒമ്പത് വാഹനങ്ങളില്‍ നിന്നായി 32,250 രൂപ പിഴ തുക ഈടാക്കി. വരും ദിവസങ്ങളിലും വാഹന പരിശോധന കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
പെര്‍മിറ്റ് അനുമതിക്ക് വിരുദ്ധമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കുറ്റം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ മുന്നറിയിപ്പ് നല്കി.