ആനമതിൽ നിർമാണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നിരീക്ഷണ സമിതി യോഗം
1546991
Wednesday, April 30, 2025 7:57 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനമതിൽ നിർമാണം വേഗത്തിലാക്കണമെന്ന നിർദേശവും അവഗണിച്ചതിൽ കടുത്ത അതൃപ്തി പ്രകടമാക്കി നിരീക്ഷണ സമിതി യോഗം. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ആന ഓടിക്കൽ ദൗത്യം, ആനമതിൽ നിർമാണ പുരോഗതി, പുനരധിവാസ മേഖലയിലെ അടിക്കാട് വെട്ടിത്തെളിക്കൽ, സോളർ തൂക്കുവേലി നിർമാണം എന്നീ കാര്യങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശ പ്രകാരം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ ഇന്നലെ ഇരിട്ടി ഐബിയിൽ ചേർന്ന അവലോകന യോഗവും നിരാശ പ്രകടിപ്പിച്ചു.
പ്രവൃത്തി വേഗം നടത്തണമെന്നും കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ശിപാർശ ഉണ്ടായി. അനെർട്ട് മുഖേന നിർമിക്കുന്ന 5.2 കിലോമീറ്റർ സോളർ തൂക്കുവേലി പൂർത്തിയായ ശേഷം മാത്രം ആനതുരത്തൽ നടത്തും. സോളർ തൂക്കുവേലിയുടെ പരിചരണം ടിആർഡിഎം ചെയ്യണം. എംഎൽഎ അധ്യക്ഷത വഹിച്ചു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ടിആർഡിഎം സൈറ്റ് മാനേജർ സി.ഷൈജു, മരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർമാർ ലജീഷ് കുമാർ, അസി. എൻജിനിയർ പി.സനില, കെ.കെ.ഷാജി, കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.പ്രകാശൻ, ടി.ജി.പ്രീത, മിഥുൻ മോഹൻ, പൊലീസ്, എക്സൈസ്, പഞ്ചായത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.