എടപ്പുഴയെ വിടാതെ കാട്ടാന; കൃഷികൾ നശിപ്പിച്ചു
1547106
Thursday, May 1, 2025 2:07 AM IST
ഇരിട്ടി: എടപ്പുഴയിൽ സെന്റ് ജോസഫ്സ് പള്ളിക്കു സമീപം തുടർച്ചയായ രണ്ടാംദിവസവും കാട്ടാന കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി 12 ഓടെയായിരുന്നു കാട്ടാനയുടെ താണ്ഡവം. എടപ്പുഴ പള്ളി, വെളിയത്ത് സിബി, കാപ്പുങ്കൽ സജി തുടങ്ങിയവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചത്. പള്ളിയുടെ പിൻവശത്ത് സെമിത്തേരിയോട് ചേർന്ന പ്രദേശത്തെ 30 വാഴകൾ ആന നശിപ്പിച്ചു. പുലർച്ചെവരെ മേഖലയിൽ തമ്പടിച്ച ആന നേരം വെളുത്തപ്പോഴാണ് തിരികെ പോയത്.
പുലർച്ചെ നിരവധി ടാപ്പിംഗ് തൊഴിലാളികൾ കടന്നുപോകുന്ന വഴിയിലാണ് ആന എത്തിയത്. തലേന്ന് രാത്രിയിൽ മഴ പെയ്തതുകൊണ്ട് റബർ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്ക് പോകാതിരുന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ആഴ്ച്ചകളായി ആനകൂട്ടം പ്രദേശത്ത് ഭീതി സൃഷ്ടിക്കുകയാണ്. ഇവയെ ഭയന്ന് കുന്നിന്റെ മുകൾ ഭാഗം പോകാൻ കഴിയാത്തതിനാൽ കൃഷിനാശം കണക്കാക്കാനും കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ആറളം ഫാമിൽ ആനകളെ തുരത്താൻ ആരംഭിച്ചതോടെ പ്രദേശത്ത് ആനകളുടെ സാന്നിധ്യം അധികമാണെന്നും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാറും സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ പരിശോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്തംഗം ഷൈനി വർഗീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.