അശാസ്ത്രീയ മാലിന്യ സംസ്കരണം; 30000 രൂപ പിഴ ചുമത്തി
1547111
Thursday, May 1, 2025 2:07 AM IST
തളിപ്പറമ്പ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പട്ടുവം പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായി മാലിന്യ സംസ്കരിച്ചതിന് മൂന്ന് കേസുകളിലായി 30,000 രൂപ പിഴ ചുമത്തി. അരിയിൽ പ്രവർത്തിച്ചു വരുന്ന സീൽ വുഡ് ഇൻഡസ്ട്രീസിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്സിനു മുൻവശത്തു പലയിടങ്ങളിലായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് ശ്രദ്ധയിൽപെട്ടത്.
സ്ഥാപനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലിനജലം തുറസായി ഒഴുക്കി വിടുന്നതായും ഭക്ഷണാ വശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ തുറസായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തുമാറ്റാനും ദ്രവ മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ ശാസ്ത്രീയമായി സംസ്കരിക്കാനും സ്ഥാപന ഉടമയ്ക്ക് സ്ക്വാഡ് നിർദേശം നല്കുകയും 20000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പറപ്പൂലിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ന്യൂ ലാൻഡിന്റെ മലിനജല ടാങ്ക് ലീക്ക് ചെയ്തു വെള്ളം തുറസായി കെട്ടി കിടന്നു പ്രദേശത്ത് ദുർഗന്ധം പരത്തുന്ന അവസ്ഥ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി. മുള്ളൂൽ-വെള്ളിക്കീൽ റോഡിൽ പൊതുസ്ഥലത്തു റോഡിനു സമീപം മാലിന്യം തള്ളിയതിന് എടാട്ട് സ്വദേശി അഭിലാഷിനു സ്ക്വാഡ് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ സ്വന്തം ചെലവിൽ തിരികെ എടുപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, പട്ടുവം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.പി. സോണിയ തുടങ്ങിയവർ പങ്കെടുത്തു.