ആലക്കോട് മേഖലയിൽ സർവേ നടത്താൻ ധാരണ
1546390
Tuesday, April 29, 2025 12:56 AM IST
ആലക്കോട്: കരിന്തളം-വയനാട് 400കെവി ലൈൻ നഷ്പരിഹാരം കണക്കാക്കുന്നതിനായുള്ള സർവേ നടപടികൾ ആരംഭിക്കാൻ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ആലക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ ധാരണ. കൃഷിഭൂമിക്ക് മതിയായ നഷ്ടപരിഹാരം കിട്ടിയതിനുശേഷം മാത്രമേ കൃഷിഭൂമിയിൽ വൈദ്യുത ലൈനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടറും സജീവ് ജോസഫ് എംഎൽഎയും നൽകിയ ഉറപ്പിനെ തുടർന്നാണ് സ്ഥലമുടമകൾ സർവേ നടപടികളോട് സഹകരിക്കാമെന്ന് അറിയിച്ചത്.
നഷ്ടപരിഹാരം സംബന്ധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലം നഷ്ടപ്പെടുന്ന പ്രദേശത്തെ ഭൂമി സന്ദർശിച്ച് മുറിച്ച് മാറ്റപ്പെടേണ്ട കാർഷിക വിളകളുടെയും മറ്റു മരങ്ങളുടെയും കണക്കെടുപ്പും നടത്തും. അതേസമയം മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തിയതിനു ശേഷമേ ഭൂമിയുടെ രേഖയോ സമ്മത പത്രമോ കൈമാറുകയുള്ളു എന്ന് ഭൂ ഉടമകൾ പറഞ്ഞു. കൃഷിക്കാരുടെ ഭൂമിയുടെ യാതൊരുവിധ രേഖകളും പൂർണമായ നഷ്ടപരിഹാരം കിട്ടുന്നതുവരെ കൈമാറേണ്ടതില്ല എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ആക്ഷൻ കമ്മറ്റിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. പൂർണ നഷ്ടപരിഹാരം ലഭിച്ച ശേഷമേ ഭൂമിയിൽ ഏതെങ്കിലും വിധത്തിലുള്ള പ്രവൃത്തി അനുവദിക്കുകയുള്ളു എന്ന് ആക്ഷൻ കമ്മറ്റി യോഗത്തെ അറിയിച്ചു.
നേരത്തെ അർഹമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ ഭൂമി വിട്ടു നൽകൂ എന്ന് സ്ഥല ഉടമകളും ജനപ്രതിനിധികളുമടക്കമുള്ളവർ ശക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഇരിക്കൂർ മണ്ഡലത്തിലെ ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശി പഞ്ചായത്തുകളിൽ സർവേ നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് 400 കെവി വയനാട് - കാസർഗോഡ് ട്രാൻസ്മിഷൻ ലൈൻ പ്ലോട്ട് സർവേ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർ ആലക്കോട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ഇബിഎൽ ട്രാൻസ്ഗ്രിഡ് ഡയറക്ടർ എസ്. ശിവദാസ് വിശദീകരണം നടത്തി. കെഎസ്ഇബി ചീഫ് എൻജിനിയർ കെ.എസ്.ഷീബ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോജി കന്നിക്കാട്ട്, കെ.എസ്.ചന്ദ്രശേഖരൻ, ബേബി ഓടമ്പള്ളിൽ, മിനി ഷെബി, ആക്ഷൻകമ്മിറ്റി കൺവീനർ ടോമി കുമ്പിടിയാമാക്കൽ, സാജൻ.കെ ജോസഫ് , ആയിഷ, കെ.പി സാബു, ഖലീൽ റഹ്മാൻ ,ജോസ് വട്ടമല,ബാബു പള്ളിപ്പുറം, മാത്യു പുതിയേടം, നിഷ ബിനു, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ, പി.കെ. സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അതേ സമയം സർവേക്ക് ധാരണയായെങ്കിലും കർഷകർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും കളക്ടറുൾപ്പെടെയുള്ളവർക്ക് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഇത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.