വനാതിർത്തിയിൽ വേലി നിർമിച്ചിട്ടും കൻമദപ്പാറയിൽ വീണ്ടും കാട്ടാന
1546392
Tuesday, April 29, 2025 12:56 AM IST
പയ്യാവൂർ: കാട്ടാനകൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കടന്നു വരുന്നത് തടയാൻ പയ്യാവൂർ പഞ്ചായത്തിന്റെ വനാതിർത്തിയിൽ വേലി നിർമിച്ചിട്ടും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമാകുന്നില്ല. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ കൻമദപ്പാറ മേഖലയിൽ നിന്ന് കാടുകയറ്റിയ കാട്ടാനകൾ ചിലതെല്ലാം തിരിച്ചെത്തി. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി കാട്ടാനകൾ ഈ മേഖലയിൽ എത്തിയത്. കാഞ്ഞിരക്കൊല്ലിയിലും ഏലപ്പാറയിലും ജനവാസ മേഖലയിൽ മുമ്പ് എട്ട് കാട്ടാനകളായിരുന്നു ഭീതി പരത്തിയിരുന്നത്. ഇവയെ കർണാടക വനത്തിലേക്കായിരുന്നു നേരത്തെ തുരത്തിയത്.
പയ്യാവൂർ പഞ്ചായത്തിന്റെ 14 കിലോമീറ്റർ വനാതിർത്തികളാണ്. ഇതിൽ 11 കിലോമീറ്റർ ഭാഗത്ത് സൗരോർജ തൂക്കുവേലിയുണ്ട്. മൂന്ന് കിലോമീറ്റർ ഭാഗത്ത് നേരത്തെ വനംവകുപ്പ് പണിത ആന വേലിയുമുണ്ട്. ശാന്തിനഗർ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് 80 ലക്ഷം രൂപ ചെലവിൽ തൂക്കുവേലികളൊരുക്കിയത്. വനാതിർത്തിയിൽ സരോർജ തൂക്കുവേലിയും ആനവേലിയുമുണ്ടായിട്ടും കാട്ടാനശല്യമൊഴിയാത്തതിന്റെ ആശങ്കയിലാണ് മലയോര കർഷകർ. തൂക്കുവേലിയുടെ അടുത്ത് ദിവസവും നാല് കാട്ടാനകൾ ആടാംപാറ,ഏലപ്പാറ ഭാഗത്ത് തമ്പടിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പാടാംകവല, മുക്കുഴി, ഏലപ്പാറ, കന്മദപ്പാറ, മതിലേരിത്തട്ട് വരെയുള്ള വനാതിർത്തികളിലുള്ള കാട്ടാനകളെ തൂക്കുവേലിക്കപ്പുറം കർണാടക വനത്തിലേക്ക് തിരിച്ചയക്കും പിന്നീട് രാത്രി തിരിച്ചുവരും ഇതാണ് ഇപ്പോഴത്തെ അവസ്ഥ. സൗരോർജ തൂക്കുവേലികളുണ്ടെങ്കിലും അതിനാവശ്യമായ സംരക്ഷണം നൽകാത്തതിനാൽ പലയിടങ്ങളിലും പ്രവർത്തനരഹിതമാണെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് വനംവകുപ്പ് നിഷേധിക്കുകയാണ്.