മാഹിയിലെ കലാകാരന്മാരുടെ കരവിരുതിൽ വടകര റെയിൽവേ സ്റ്റേഷനിൽ കടത്തനാടൻ വീരഗാഥ
1547002
Wednesday, April 30, 2025 7:59 AM IST
മാഹി: കടത്തനാടൻ കളരി പാരമ്പര്യത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലെ റെയിൽവേ സ്റ്റേഷനിൽ ഇനി യാത്രക്കാർക്ക് കടത്തനാടിന്റെ പാരന്പര്യം ചുമർചിത്രങ്ങളിലൂടെ മനസിലാക്കാം. വടകര റെയിൽവേ സ്റ്റേഷനിലാണ് മാഹിയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ ഉണ്ണിയാർച്ചയും തച്ചോളി ഒതേനനും ആരോമൽ ചേകവരും ആരോമലുണ്ണിയും ചന്തുവുമെല്ലാം പുനർജനിക്കുന്നത്.
മാഹി ആശ്രയ വനിതാ ക്ഷേമ സഹകരണ സംഘം ചിത്രകാരന്മാരും ചിത്രകാരികളുമാണ് ചുമർചിത്രം തയാറാക്കുന്നത്. ഗ്രൂപ്പ് ലീഡറും ചിത്രകാരിയുമായ കെ.ഇ.സുലോചനയുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരയുന്നത്. കളരി ഗുരുക്കന്മാർക്ക് കീഴിൽ അഭ്യസിക്കുന്ന കളരിപ്പയറ്റ്, ഓതിരം - കടകം യുദ്ധം ഉൾപ്പെടെ വാളുകളും പരിചകളും ഉപയോഗിക്കുന്ന യോദ്ധാക്കളുടെ ചിത്രം വരച്ച് കാട്ടുന്നു.
വടകരയുടെ സ്വന്തം ചരിത്ര കഥകളാണ് ഈ കൂട്ടായ്മയിൽ വരയുന്നത്. ചുമർചിത്രത്തിന്റെ എഴുപത്തിയഞ്ച് ശതമാനത്തിലേറെ പൂർത്തിയായതായി കെ.ഇ. സുലോചന പറഞ്ഞു. വികാസ് കോവൂർ, രഞ്ജിത്ത്, കൃഷ്ണകുമാർ മുക്കം, സനൽ വടകര, വിന്ധ്യാ ദാമോദരൻ, വിജിഷ പന്തക്കൽ, എന്നിവരടക്കമുള്ളവരും സംഘത്തിലുണ്ട്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ വടകര സ്റ്റേഷൻ 30.82 കോടി വകയിരുത്തി നവീകരണ പ്രവൃത്തി പൂർത്തിയായി വരികയാണ്. സതേൺ റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലുള്ള വടകര സ്റ്റേഷനിൽ ആധുനിക വിളക്കുകൾ, ഇരിപ്പിടം, പൂന്തോട്ടം, കവാടം എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.