യുവതി തൂങ്ങിമരിച്ചു; ഭർതൃപീഡനമെന്ന് ആത്മഹത്യാകുറിപ്പ്
1547004
Wednesday, April 30, 2025 7:59 AM IST
ഇരിട്ടി: കേളൻപീടികയിൽ ഭർതൃമതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ട് ആനകുഴി യിലെ കുഴിവിള വീട്ടിൽ ജിനീഷിന്റെ ഭാര്യ സ്നേഹ (25 ) ആണ് മരിച്ചത്. കേളൻപീടികയിലുള്ള സ്വന്തം വീടിന്റെ അടുക്കളയിലാണ് സ്നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം.
സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് കാരണം ഭർത്താവും ഭർതൃ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്. സ്നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയിൽ സ്നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഞ്ചുവർഷം മുന്പ് വിവാഹിതരായ സ്നേഹയ്ക്കും ജിനീഷിനും മൂന്ന് വയസുള്ള ഒരു ആൺകുട്ടി യുണ്ട്. ദന്പതികൾ തമ്മിൽ നിരന്തരപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കൾ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നല്കിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.
ഭർത്താവും ബന്ധുക്കളും ചേർന്ന് സ്നേഹയെ ദേഹോപദ്രപം ഏല്പിച്ചിരുന്നതായും പ്രചരിക്കുന്ന വോയിസ് ക്ലിപ്പിലുണ്ട്.
കോളിത്തട്ടിലെ ക്രഷറിൽ ജോലിചെയ്തുവരുന്ന ജിനീഷ് നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നതായാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്. കുട്ടിയുടെ നിറത്തെ ചൊല്ലി നിരന്തരം സംശയത്തോടെ സ്നേഹയെ ഇയാൾ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു . ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവത്തിന് കൂട്ടുനിന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം . പീഡനം സഹിക്കാൻ കഴിയാതെ സ്നേഹ മുന്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട് .
അച്ഛൻ ലഷ്മണൻ ചെറുപ്പത്തിലേ മരിച്ചതോടെ അമ്മ രമയാണ് ബന്ധുക്കളുടെ സഹായത്തോടെ സ്നേഹയെ വളർത്തി കല്യാണം കഴിപ്പിച്ചയച്ചത്. സ്ത്രീധനത്തിന്റെ പേരിൽ മാനസിക പീഡനവും സംശയത്തിന്റെ പേരിൽ ഭർത്താവിന്റെ ശാരീരിക പീഡനവും സഹിക്കാൻ കഴിയാതെ വന്നതോടെ ആയിരുന്നു സ്നേഹ ഏതാനും ദിവസം മുന്പ് സ്നേഹ കേളൻപീടികയിലെ വീട്ടിലെത്തിയിരുന്നത്.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ തഹസിൽദാരുടെയും ഇരിട്ടി പോലീസിന്റെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേര ത്തോടെ വീർപ്പാട് ശ്മശാനത്തിൽ സംസ്കരിച്ചു. ഇരിട്ടി എസ്ഐ കെ. ഷംസുദ്ദീന്റെ നേതൃത്തിലുള്ള സംഘം കേസ് ഉടൻ ഇരട്ടി ഡിവൈഎസ്പിക്ക് കൈമാറും.