മന്ത്രിയുടെ നിർദേശത്തിനും പുല്ലുവില; എങ്ങുമെത്താതെ ആനമതിൽ നിർമാണം
1546992
Wednesday, April 30, 2025 7:58 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ആറു കിലോമീറ്റർ ദൂരം മതിൽ ഈ മാസം പൂർത്തിയാക്കുമെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ ഉറപ്പിനും പുല്ലുവില. കഴിഞ്ഞ ഫെബ്രുവരി 23 ന് ബ്ലോക്ക് 13 ൽ കരിക്കൻമുക്കിൽ വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് മന്ത്രിയും ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ ആറു കിലോമീറ്റർ എങ്കിലും മതിൽ പൂർത്തിയാക്കാൻ നിർദേശം നിർദേശിച്ചിരുന്നത്.
നേരത്തെയുള്ള തീരുമാന പ്രകാരം ഏഴു മാസം മുൻപ് നിർമാണം പൂർത്തിയാക്കേണ്ട പത്തു കിലോമീറ്റർ ദൂരം 19 മാസം കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല. ഇതുവരെ വെറും 4.097 കിലോമീറ്റർ ദൂരം മാത്രമാണ് മതിൽ നിർമിച്ചത്.
മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ട 1.890 കിലോമീറ്ററിൽ ഇന്നേക്കകം പ്രവൃത്തി പൂർത്തീകരിക്കാൻ നിർദേശിച്ചിടത്ത് 800 മീറ്ററിൽ കരിങ്കൽകെട്ട് മാത്രമാണ് പൂർത്തിയായത്. 130 മീറ്ററിൽ പൈലിംഗ് പോലും നടത്തിയിട്ടില്ല. 550 മീറ്റർ ദൂരം റെയിൽവേലി പൂർത്തിയാക്കേണ്ട സ്ഥലത്ത് കൂപ്പ്റോഡ് മാത്രമാണ് കഴിഞ്ഞത്.
തൊഴിലാളികളെ കിട്ടാനില്ല, കരിങ്കൽ കിട്ടാനില്ല എന്നിങ്ങനെയാണ് കരാറുകാരൻ പറയുന്നതെന്നാണ് നിർവഹണ ചുമതലയുള്ള മരാമത്ത് അധികൃതർ ഔദ്യോഗിക യോഗങ്ങളിൽ അറിയിക്കുന്നത്. വളയംചാൽ വനം ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങി പരിപ്പ് തോട് 55 വരെ 10 കിലോമീറ്റർ ദൂരം വരുന്ന ആന മതിലിന്റെ നിർമാണ ചെലവ് 37.09 കോടി രൂപയാണ് .
നിർദേശിച്ച ദൂരത്തിൽ ഇനിയും രണ്ടു കിലോമീറ്റർ ദൂരം ഇനിയും ബാക്കിയുണ്ട്. ഇതിനിടെ കരാറുകാരൻ തനിക്ക് പണി പൂർത്തിയാക്കാൻ കഴിയില്ലെന്നും കരാറിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിംഗ് എൻജിനിയർക്ക് കത്ത് നൽകിയതും നിർമാണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മന്ത്രി വിളിച്ച യോഗത്തിൽ ബാക്കിയുള്ള പ്രവൃത്തിയിൽ 3.903 കിലോമീറ്റർ ദുരം മരം മുറിക്കാത്തതായിരുന്നു തടസമായി ആദ്യം ചൂണ്ടിക്കാട്ടിയത്.
മരം മുറിച്ചുമാറ്റി 45 ദിവസം പിന്നിടുമ്പോഴാണ് തന്നെ കരാറിൽ നിന്നൊഴിവാക്കാനായി കത്ത് നൽകിയിരിക്കുന്നത്. മതിൽ നിർമാണത്തിലെ കാലതാമസം കണക്കിലെടുത്ത് ഇവിടെ 5.2 കിലോമീറ്റർ ദൂരം അനെർട്ടിന്റെ നേതൃത്വത്തിൽ തൂക്കുവേലി നിർമാണം നടന്നുവരികയാണ്. മതിൽ നിർമാണം നടത്താത ഭാഗത്തുകൂടി ആനകൾക്ക് സുഗമമായി ഫാമിലേക്ക് കടക്കാനാകുന്ന അവസ്ഥയാണുള്ളത്.
ദന്പതികളുടെ ജീവനെടുത്തത് മതിലിന്റെ അഭാവം
ആനമതിൽ സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് വെള്ളി - ലീല ദമ്പതികളുടെ ജീവൻ കാട്ടാനക്കലിയിൽ പൊലിയാൻ ഇടയാക്കിയത്. 2023 സെപ്റ്റംബർ 30 നാണ് മന്ത്രി ആറളത്ത് ആനമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒരു വർഷം നിർമാണ കാലാവധി ഉണ്ടെങ്കിലും പുനരധിവാസ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേഗം പണി പൂർത്തിയാക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.
വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും യോഗങ്ങൾ വിളിച്ചു വേഗം പൂർത്തീകരിക്കാൻ നിർദേശിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. കൂടുതൽ ജോലിക്കാരെ നിയോഗിക്കുകയോ, കൂടുതൽ റീച്ചുകളിൽ പണി വ്യാപിപ്പിക്കുകയോ ചെയ്തിട്ടില്ല.