ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന് സമ്മതിച്ച പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
1547110
Thursday, May 1, 2025 2:07 AM IST
കണ്ണൂർ: സെക്രട്ടേറിയറ്റിൽ ഫയലുകൾ കൂന്പാരമായി കെട്ടിക്കിടക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ കടമെടുത്ത് തന്റേതെന്ന രീതിയിൽ കേരള സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച കൈയടി നേടിയ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പരാജയമാണെന്നതിന്റെ തെളിവാണ് ഫയലുകൾ കൂന്പാരമായി കിടക്കുന്നുവെന്ന വെളിപ്പെടുത്തലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്കാര സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ. ശങ്കറിന്റെ നൂറ്റിപതിനാറാം ജൻമദിനാഘോഷം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫയലുകൾ നീക്കാൻ കഴിയുന്നില്ലെങ്കിൽ രാജാവിനെ പോലെ ഇരിക്കാൻ ഒരു മുഖ്യമന്ത്രിയുടെ ആവശ്യമില്ല. ഭരണസംവിധാനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഐഎഎസുകാർ മുതൽ ഉദ്യോഗസ്ഥർവരെ പരസ്പരം പോരടിക്കുന്പോൾ ഇതൊന്നും പരിഹരിക്കാൻ കഴിയാതെ കാഴ്ചക്കാരനായി നോക്കി നിൽക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി മാറി. ഇത്തരം സാഹചര്യത്തിൽ ആർ. ശങ്കറെന്ന ക്രാന്തദർശിയായ ഭരണാധികാരിയുടെ പ്രസക്തി അനുദിനം വർധിക്കുകയാണ്.
വിദ്യഭ്യാസത്തിലൂടെ മാത്രമേ യഥാർഥ സമൂഹ്യപരിഷ്കരണവും നാടിന്റെ വികസനവും സാധ്യമാവൂ എന്ന് ദീർഘദർശനം ചെയ്ത ആർ. ശങ്കറിനെ പോലെ ബഹുമുഖ പ്രതിഭയായ മുഖ്യമന്ത്രി കേരളത്തിൽ ഇന്നോളമുണ്ടായിട്ടില്ല. കണ്ണൂരിൽ നിന്ന് വിജയിച്ച് കേരളത്തിൽ കോൺഗ്രസിന്റെ ആദ്യമുഖ്യമന്ത്രിയായ ആർ. ശങ്കറിന്റെ പേരിൽ കണ്ണൂരിൽ ഒരു സ്മാരകമില്ലെന്നത് അദ്ദേഹത്തോട് നാം കാട്ടുന്ന അനീതിയാണ്. അദ്ദേഹത്തെ എക്കാലവും ഓർക്കാൻ ലാഭേച്ഛ കൂടാതെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും അവിടെ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമയും ഒരുക്കിയാൽ അതായിരിക്കും അദ്ദേഹത്തോടുള്ള കണ്ണൂരിന്റെ മികച്ച ആദരവ്. ഇതിനായി പരിശ്രമിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്കാര സാഹിതി സംസ്ഥാന ജന. സെക്രട്ടറി കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് ചെയർമാൻ പ്രദീപ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറന്പ്, ടി. ജയകൃഷ്ണൻ, കെ.ബാലകൃഷ്ണൻ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ.എൻ.ആനന്ദ് നാറാത്ത് എന്നിവർ പ്രസംഗിച്ചു. ജോൺസൺ പുഞ്ചക്കാട്ട് ഓടക്കുഴൽ സംഗീതം അവതരിപ്പിച്ചു.