കൊറ്റിയിലെ മത്സ്യവില്പനക്കാരന് പരത്തിക്കാട്ട് തൂങ്ങിമരിച്ച നിലയില്‍
1546613
Tuesday, April 29, 2025 10:24 PM IST
പയ്യന്നൂര്‍: കൊറ്റിയിലെ മത്സ്യവില്പനക്കാരനെ ഏഴിമല പരത്തിക്കാട്ടെ പഞ്ചായത്ത് കിണറില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
പരിയാരം കുണ്ടപ്പാറ സ്വദേശിയും പയ്യന്നൂര്‍ മാവിച്ചേരിയില്‍ വാടകക്ക് താമസിക്കുന്നയാളുമായ നീര്ച്ചാല് ഹൗസില്‍ എ.എന്‍. ബിജുവിനെയാണ്(40) ഇന്നലെ രാവിലെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
പരത്തിക്കാട് മുത്തപ്പന് ക്ഷേത്രത്തിന് താഴെയുള്ള പരത്തിക്കാട് പത്ത് സെന്റ് പുനരധിവാസ കോളനിയിലെ പഞ്ചായത്ത് കിണറില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കിണറ്റില്‍നിന്നും വെള്ളമെടുക്കാനായി എത്തിയ സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.
മീന്‍ വിൽക്കാൻ ഉപയോഗിക്കുന്ന കെഎല്‍ 59 എഎ 0739 ഗുഡ്സ് ഓട്ടോ പരത്തിക്കാട് മാരുതി റിസോര്‍ട്ടിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിൽ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബിജു രാത്രികളില്‍ പരത്തിക്കാട് വരാറുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സരസ്വതിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.