വെള്ളം കൊടുത്തില്ലെങ്കിലും ബില്ല് നൽകി വാട്ടർ അഥോറിറ്റി
1547114
Thursday, May 1, 2025 2:07 AM IST
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ അണുങ്ങോട് പ്രദേശത്ത് ജലജീവൻ മിഷന്റെ ഭാഗമായുള്ള കുടിവെള്ള വിതരണ പൈപ്പിലൂടെ വെള്ളമെത്തിയില്ലെങ്കിലും കണ്ണു തള്ളിക്കുന്ന ബില്ല് നൽകി വാട്ടർ അഥോറിറ്റി. ജൽ ജീവൻ മിഷന്റെ കാളികയം കുടിവെള്ള പദ്ധതിയിൽ നിന്നാണ് കുടിവെള്ള വിതരണത്തിനായി അണുങ്ങളോട് പ്രദേശത്തേക്ക് പൈപ്പിടുകയും വീടുകളിലേക്ക് കണക്ഷൻ നൽകുകയും ചെയ്തത്. കേളകം കൊട്ടിയൂർ കാണിച്ചാർ എന്നീ മൂന്ന് പഞ്ചായത്തുകളിലേക്കാണ് കാളികയം കുടിവെള്ള പദ്ധതി.
കണിച്ചാർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പൈപ്പിടൽ പൂർത്തിയാക്കി ട്രയൽ റൺ നടത്തി വരികയാണ്. ചുരുക്കം ചില വീടുകളിൽ മാത്രമാണ് കുടിവെള്ളമെത്തിയത്.
ആണുങ്ങളോട് പ്രദേശത്ത് ഒരു വീട്ടിൽ പോലും കുടിവെള്ളമെത്തിയിട്ടുമില്ല. എങ്കിലും ഓരോ കുടുംബത്തിനും 222 മുതൽ 770 രൂപ വരെയുള്ള ബില്ലാണ് ലഭിച്ചിരിക്കുന്നത്. ഫോണിലേക്ക് എസ്എംഎസ് വഴിയാണ് ബിൽ തുക അറിയിച്ചത്. ബിൽ ലഭിച്ചതിനെ തുടർന്ന് വാട്ടർ അഥോറിറ്റിയിൽ അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.ജല ഉപയോഗത്തിന്റെ മീറ്റർ റീഡിംഗ് എടുക്കാനായി പോലും ആരും എത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
വിതരണം ചെയ്യുന്ന വെള്ളത്തിന്റെ വില എത്രയാണെന്നോ മീറ്റർ വാടക എത്രയാണെന്നോ, ഫിറ്റിംഗ് ചാർജ് പൈപ്പ് വില തുടങ്ങിയത് എത്രയാണെന്നോ ഒരു ധാരണയും ജനങ്ങൾക്ക് നൽകാതെയാണ് വീടുകളിലേക്ക് കണക്ഷൻ നൽകിയത്. സൗജന്യമാണെന്ന് പ്രതീക്ഷിച്ചാണ് പലരും കണക്ഷൻ എടുത്തത്. ടാപ്പ് തുറന്നാൽ കാറ്റു മാത്രം വരുന്പോഴാണ് വെള്ളക്കരം അടയ്ക്കണമെന്ന അറിയിപ്പും ബിൽതുകയും ലഭിച്ചിരിക്കുന്നത്.
-ജോയ് ചിന്താർമണി
വീട്ടുടമസ്ഥൻ
കണിച്ചാർ പഞ്ചായത്തിലെ ആണുങ്ങട് പ്രദേശവാസികൾ ഇത്തരത്തിൽ ഒരു പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഉപയോഗിക്കാതെ ബിൽ വരുന്നതെന്ന് കൃത്യമായി അറിയില്ല. നിലവിൽ ജലജീവൻ മിഷൻ നടപ്പിലാക്കുന്ന പ്രോജക്ട് ടീമിന്റെ കീഴിലാണ് ഈ പദ്ധതി. വാട്ടർ അഥോറ്റിക്ക് കൈമാറിയിട്ടില്ല. എന്നിരുന്നാലും കുടിവെള്ളമെത്താതെ ബില്ല് വന്നതിനെക്കുറിച്ച് അന്വേഷിക്കും.
-സംഗീത, അസി എക്സിക്യൂട്ടീവ്
എൻജിനിയർ വാട്ടർ അഥോറിറ്റി