അത്തിക്കലിൽ വാഹനാപകടം പതിവാകുന്നു
1546385
Tuesday, April 29, 2025 12:56 AM IST
ഇരിട്ടി: കീഴ്പള്ളി -മാടത്തിൽ റോഡിൽ അത്തിക്കലിൽ വാഹനപകടം പതിവാകുന്നു. റോഡിന് ഇരുവശവും വയലും തോടും ഉൾപ്പെടുന്ന വലിയ താഴ്ച്ചയിലേക്ക് പലപ്പോഴും വാഹനങ്ങൾ മറിയുന്നത്. വെളിമാനം ഭാഗത്തുനിന്നും വേഗത്തിൽ എത്തുന്ന വാഹനങ്ങൾ റോഡിലെ ചെറിയ വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയാണ്.
ഇന്നലെ വൈകുന്നേരം അങ്ങാടിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടമേഖലയ്ക്ക് സമീപത്തെ കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അപകടം പതിവായിട്ടും ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്നും പ്രദേശത്തുള്ളവർ പറഞ്ഞു.