കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയ സംഭവം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നോട്ടീസ്
1547000
Wednesday, April 30, 2025 7:58 AM IST
പരിയാരം: സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് മലിനജലം ദേശീയ പാതയോരത്ത് ഒഴുക്കിയ സംഭവത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് അധികൃതർക്ക് നോട്ടീസ് നൽകിയതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉത്തരവാദികളായവരിൽ നിന്ന് പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ 27 നാണ് മലമൂത്ര വിസര്‍ജ്യങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കിവിട്ടത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുർഗന്ധം വമിക്കുന്ന വെള്ളം തമിഴ്നാട്ടില്‍ നിന്നും വന്ന സംഘമാണ് പട്ടാപ്പകല്‍ റോഡരികിലേക്ക് ഒഴുക്കിവിട്ടത്. സാമൂഹ്യ പ്രവർത്തകൻ നജ്മുദ്ദീൻ പിലാത്തറയാണ് ഈ സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിച്ചത്. ഈ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കും വാട്സ് ആപ്പ് മുഖേന നൽകിയിരുന്നു.
എന്നാല്‍, പ്ലാന്റിന്റെ അറ്റകുറ്റപ്പണിനടത്താന്‍ കരാര്‍ എടുത്തയാളാണ് മാലിന്യം നീക്കം ചെയ്തതെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റോപ്പ് മെമ്മോ നൽകി പ്രവൃത്തി നിർത്തിവെപ്പിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതതരുടെ നിലപാട്.