ജനകീയ കമ്മിറ്റിക്ക് ലക്ഷങ്ങളുടെ ബാധ്യത; ദേവസ്വം ബോർഡ് ഭണ്ഡാരം തുറക്കുന്നത് ജനകീയ കമ്മിറ്റി തടഞ്ഞു
1546994
Wednesday, April 30, 2025 7:58 AM IST
ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് ജനകീയ കമ്മിറ്റിക്ക് 24 ലക്ഷത്തിന്റെ ബാധ്യത നിലനിൽക്കെ മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എടുക്കാനുള്ള നീക്കം നടത്തിയത് ജനകീയ കമ്മിറ്റിയംഗങ്ങൾ തടഞ്ഞു. ക്ഷേത്ര നവീകരണത്തിനും ഉത്സവ നടത്തിപ്പിനുമായി രൂപീകരിച്ച ജനകീയ കമ്മിറ്റിയെ കഴിഞ്ഞ ദിവസം ദേവസ്വം കമ്മീഷണർ പിരിച്ചു വിട്ടിരുന്നു.
കമ്മിറ്റി കഴിഞ്ഞ കാലഘട്ടങ്ങളിലെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിറ്റിയെ പിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസം നടന്ന ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾ ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണി തിട്ടപ്പെടുത്താനെത്തിയപ്പോൾ പിരിച്ചു വിട്ട ജനകീയ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധവുമായി എത്തി ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസറെ തടയുകയും ഭണ്ഡാരം തുറക്കുന്നത് തടയുകയുമായിരുന്നു.
നവീകരണത്തിനായി കമ്മിറ്റി ചെലവഴിച്ച 24 ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ നിന്നും കിട്ടാനുണ്ടെന്നും തുക നൽകിയ ശേഷം ഭണ്ഡാരം തുറന്നാൽ മതിയെന്നുമായിരുന്നു ഇവരുടെ ആവശ്യം. കഴിഞ്ഞ കാലഘട്ടങ്ങളിലെ നിർമാണ പ്രവൃത്തികൾ, ആഘോഷകമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകൾ എന്നിവ ജനകീയ കമ്മിറ്റി ഓഡിറ്റ് ചെയ്ത് കമ്മീഷണർക്ക് സമർപ്പിച്ചതായും ഇവർ പറഞ്ഞു. ഇന്നലെ രാവിലെ ഒൻപതിന് തുടങ്ങിയ പ്രതിഷേധം ഉച്ച കഴിഞ്ഞ മൂന്നു വരെ നീണ്ടു നിന്നു.
കമ്മീഷണർ എത്തിയ ശേഷമേ ഭണ്ഡാരം തുറക്കാൻ അനുവദിക്കുകയുള്ളൂവെന്നും ഇവർ അറിയിച്ചു. തുടർന്ന് കമ്മീഷണറുമായി ബന്ധപ്പെട്ടപ്പോൾ മേയ് അഞ്ചിന് സ്ഥലത്തെത്താമെന്നും അതുവരെ ഭണ്ഡാരം തുറക്കില്ലെന്ന ഉറപ്പും നൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മുൻ ആഘോഷ കമ്മിറ്റി ഭാരവാഹികളായ എം.ആർ. സുരേഷ്, ടി.എം. വേണുഗോപാൽ , പഞ്ചായത്ത് അംഗം മിനി വിശ്വനാഥൻ, സി.കെ. സുധാകരൻ, ബാലകൃഷ്ണൻ പതിയിൽ, അനിതാ രവീന്ദ്രൻ, സ്വരസ്വതി റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭണ്ഡാരം തുറക്കുന്നത് തടഞ്ഞത്. ക്ഷേത്രം ട്രസ്റ്റി കനകത്തടത്തിൽ രത്തൻ വാഴുന്നവർ, കനകത്തടത്തിൽ കുഞ്ഞിമാധവൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ തയാറായില്ല.