പോലീസുകാർ നല്ല സാമൂഹിക രാഷ്ട്രീയ ബോധമുള്ളവരായിരിക്കണം: കെ.കെ. ശൈലജ
1546384
Tuesday, April 29, 2025 12:56 AM IST
കണ്ണൂര്‍: പോലീസുകാര്‍ക്ക് നല്ല സാമൂഹിക രാഷ്ട്രീയ ബോധമുണ്ടാകണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ സിറ്റി ജില്ലാ കമ്മിറ്റി കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. സാമൂഹിക ബോധത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മകള്‍ പോലീസിൽ രൂപപ്പെടണം. വര്‍ഗീയ വാദത്തെ എതിര്‍ക്കാന്‍ മതേതരമായ ഇത്തരം കൂട്ടായ്മകള്‍ക്കേ സാധ്യമാകു. നാടിന്റെ നിലനില്‍പ്പ്, ഗവണ്മെന്റിന്റെ നല്ല കാര്യങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉത്തരവാദിത്വം പോലീസിനുണ്ട്. സമൂഹത്തിലെ ഓരോ പൗരനും അവസര സമത്വം ഉണ്ടാകണം.
അതുണ്ടാക്കുക എന്നതും പോലീസിന്റെ കടമയാണെന്നും ശൈലജ പറഞ്ഞു. പോലീസിൽ ഇപ്പോഴും ജാതിബോധം നിലനിൽക്കുന്നുണ്ട്. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ പോലീസ് നോക്കരുത്. നാടിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ് പോലീസിന് വേണ്ടതെന്നും ശൈലജ പറഞ്ഞു.കണ്ണൂര്‍ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മിഷണര്‍ നിധിന് രാജ് എന്നിവർ മുഖ്യാതിഥികളായി.
കെപിഎ കണ്ണൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് വി.വി. സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. വേണുഗോപാല്‍, പി.ബി. കിരണ്‍, ഇ.വി. പ്രദീപന്, ജോഷി ജോസ്, എം. കൃഷ്ണന്, പി. രമേശന്, പി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
പോലീസ് സ്റ്റേഷനുകളിലെ സ്റ്റാഫ് പാറ്റേണ്‍ ശാസ്ത്രീയമായി കാലാനുസൃതമായി പരിഷ്ക്കരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കുക, എട്ടു മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം മുഴുവന്‍ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുക, ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു കമ്പനി ബറ്റാലിയന് പോലീസ് അംഗങ്ങളെയെങ്കിലും അറ്റാച്ച് ചെയ്യാനുള്ള നടപടി സ്വീകരിക്കുക, സ്റ്റേഷനുകളിലെ കാലപഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ അനുവദിക്കുക തുടങ്ങി 35 ഓളം ആവശ്യങ്ങള്‍ കണ്വന്ഷന് പ്രമേയമായി സര്‍ക്കാരിലേക്ക് നല്കി.