പോലീസുകാരന് വെട്ടേറ്റ കേസിൽ സഹോദരങ്ങള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്
1547001
Wednesday, April 30, 2025 7:59 AM IST
ബേഡകം: യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ പോലീസുകാരനെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍പോയ പ്രതികളായ സഹോദരങ്ങളെ കണ്ടെത്താന്‍ ബേഡകം പോലീസ് ലുക്കൗട്ട് പോലീസ് പുറപ്പെടുവിച്ചു. മുന്നാട് അരിച്ചെപ്പില്‍ താമസക്കാരായ ജിഷ്ണു സുരേഷ് (24), വിഷ്ണു സുരേഷ് (25) എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
ഏപ്രില്‍ 18നു രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും അധ്യാപകദമ്പതികളുടെ വീടിനു മുന്നിലെത്തി ബഹളംവെച്ചത് തടയാനെത്തിയപ്പോഴാണ് ബീംബുങ്കാലിലെ സനീഷിന് വെട്ടേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഒ സൂരജിന്റെ താടിക്കും വെട്ടേറ്റിരുന്നു. പ്രതികളെ കണ്ടെത്താന്‍ കേരളത്തിലും കര്‍ണാടകയിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതേത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കോട്ടയം സ്വദേശികളായ റബര്‍ ടാപ്പിംഗ് തൊഴിലാളികളായ ഇരുവരും എട്ടുവര്‍ഷം മുമ്പാണ് മുന്നാട് താമസമാരംഭിക്കുന്നത്.