ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ഓഫീസ് തുറന്നു
1547006
Wednesday, April 30, 2025 7:59 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് സർവീസ് മേയ് 11 ന് ആരംഭിക്കും. 29 വരെയാണ് സർവീസ്. സംഘാടക സമിതി ഓഫീസ് മട്ടന്നൂർ റാറാവീസ് ഹോട്ടൽ കെട്ടിടത്തിൽ കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തിലെ കാർഗോ കോപ്ലക്സിലാണ് ഇത്തവണയും ഹജ്ജ് ക്യാമ്പ്. മൂന്നാം തവണയാണ് കണ്ണൂരിൽ ഹജ്ജ് ക്യാമ്പ് നടക്കുന്നത്.
കണ്ണൂരിൽ നിന്ന് ആകെ 28 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. 4788 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. മേയ് 11ന് പുലർച്ചെ നാലിനാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സർവീസ്. 29 ന് രാത്രി ഒന്നിന് അവസാന സർവീസ് പുറപ്പെടും. കഴിഞ്ഞ വർഷം 3218 പേരാണ് കണ്ണൂർ വിമാനത്താവളം വഴി സർവീസ് നടത്തിയത്.
സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളായതിനാൽ ഒൻപതു സർവീസ് മാത്രമാണ് നടത്തേണ്ടി വന്നത്. 171 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസിന് ഉപയോഗിക്കുന്നത്. മിക്ക ദിവസങ്ങളിലും ജിദ്ദയിലേക്ക് രണ്ടു സർവീസുകളുണ്ടാകും.
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തിൽ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി.മുഹമ്മദ് റാഫി, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു.