മുണ്ടേരി പുഴയിൽ തോണിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1547009
Wednesday, April 30, 2025 10:18 PM IST
ചക്കരക്കൽ: മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് മീൻപിടിക്കുന്നതിനിടെ തോണിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീന്റെ(45) മൃതദേഹമാണ് ഇന്നലെ രാവിലെ 7.30 ഓടെ കാനിച്ചേരി ഭാഗത്തുനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ വലയിടുന്നതിനിടെ തോണി മറിയുകയായിരുന്നു.
രാത്രി വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. രാത്രി 10 ഓടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നോടെ തെരച്ചിൽ അവസാനിപ്പിച്ചു. തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് കാനച്ചേരി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. കുടുക്കിമെട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.