അറുപതുകാരനെ ആക്രമിച്ച സംഭവം: രണ്ട് പേർക്കെതിരേ കേസ്
1546990
Wednesday, April 30, 2025 7:57 AM IST
തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ എത്തിയ അറുപതുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മട്ടാമ്പ്രം സ്വദേശികളായ മുഷ്താഖ്,ആരിഫ് എന്നിവർക്കെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്. എരഞ്ഞോളി വാവാച്ചി മുക്കിലെ തെങ്ങ് കയറ്റ തൊഴിലാളിയായ പുത്തലത്ത് പറമ്പിൽ എ. ബാബുവിനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 ഓടെ തലശേരി ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിന് മുന്നിലുള്ള റോഡിൽ വച്ചാണ് സംഭവം. മകന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
രാത്രി പ്രസവ വാർഡിലേക്ക് രോഗിക്ക് പുതിയ വസ്ത്രം വാങ്ങാൻ നഴ്സ് പറഞ്ഞതിനാൽ ആശുപത്രിക്ക് പുറത്തേ റോഡിൽ ഇറങ്ങിയപ്പോൾ ഒരു യുവാവ് തന്നെ അരികിലേക്ക് വിളിച്ചെന്നും പോവാതിരുന്നപ്പോൾ രണ്ട് പേർ വന്ന് അക്രമിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.