ജോളി സെബാസ്റ്റ്യൻ അഖിലേന്ത്യാ സേഫ്ഗാർഡിംഗ് കോ-ഓർഡിനേറ്റർ
1546386
Tuesday, April 29, 2025 12:56 AM IST
ചെമ്പേരി: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ലൂർദ് മാതാ വനിതാ കോൺഫറൻസ് അംഗവും തലശേരി അതിരൂപത സെൻട്രൽ കൗൺസിൽ ജോയിന്റ് സെക്രട്ടറിയും നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വനിതാ പ്രതിനിധിയുമായ ജോളി സെബാസ്റ്റ്യൻ കാരക്കുന്നേലിനെ അഖിലേന്ത്യാ സേഫ് ഗാർഡിംഗ് കോ-ഓർഡിനേറ്ററായി നാഷണൽ കൗൺസിൽ നിയമിച്ചു.
പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ജോളി സെബാസ്റ്റ്യൻ. ഇന്റർനാഷണൽ കൗൺസിലിന്റെ നിർദേശപ്രകാരം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന സേഫ് ഗാർഡിംഗ് എന്ന പുതിയ പദ്ധതിയുടെ ചുമതലയാണ് ജോളി സെബാസ്റ്റ്യന് നൽകിയിട്ടുള്ളത്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ച് പുതിയ ചുമതല.
ചെന്പേരി ലൂർദ്മാതാ ബസിലിക്ക ഇടവകയും ചെന്പേരി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ജോളി സെബാസ്റ്റ്യനെ അനുമോദിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയ്ക്കും ചെമ്പേരി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്കുമുള്ള അംഗീകാരമാണ് ജോളി സെബാസ്റ്റ്യനെ തേടിയെത്തിയ പദവിയെന്ന് ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് പറഞ്ഞു.
ജോളി സെബാസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിൻസന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ലൂർദ് മാതാ കോൺഫറൻസ് പ്രസിഡന്റ് സണ്ണി മൂക്കനോലിയ്ക്കൽ അധ്യക്ഷത വഹിച്ചു. വനിതാ കോൺഫറൻസ് പ്രസിഡന്റ് മോളിക്കുട്ടി ഇമ്മാനുവൽ ചെമ്പനാംതടത്തിൽ, ഏരിയ കൗൺസിൽ പ്രസിഡന്റ് ഇമ്മാനുവൽ ജോർജ് ചെമ്പനാംതടത്തിൽ, മേരി ആനിക്കുഴിക്കാട്ടിൽ, ജെസി കാവനാടിയിൽ, വിൽസൺ കാവനാടിയിൽ, ജോസഫ് പനയ്ക്കൽ, ജോസ് ചിറ്റേട്ട്, ജോസ് വെള്ളിയാംകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.