ആദിവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സർക്കാർ അലംഭാവം തുടരുന്നു: സണ്ണി ജോസഫ്
1546387
Tuesday, April 29, 2025 12:56 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലുള്ളവരുൾപ്പടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയാണെന്ന് സണ്ണി ജോസഫ് എംഎൽഎ. ആദിവാസി ഗോത്ര ജനസഭയുടെയും ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെയും നേതൃത്വത്തിൽ വളയഞ്ചാൽ ഡോ. ബി.ആർ. അംബേദ്കർ സ്ക്വയറിൽ നടന്ന ആറളം ഫാം ഭൂ അവകാശ പ്രക്ഷോഭത്തിന്റെ പത്തൊമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതിനാലു ജീവനുകളാണ് ആറളം ഫാമിൽ കാട്ടനക്കലയിൽ ഇല്ലാതായത്.
അടുത്തിടെ ദന്പിതകൾ കൊല്ലപ്പെട്ടതിനെ തുടരുന്നുണ്ടായ ജനകീയ പ്രക്ഷോഭം ഒത്തു തീർപ്പക്കാൻ വനം മന്ത്രി നൽകിയ ഉറപ്പു പോലും പാലിക്കപ്പെടുന്നില്ല. ആനമതിൽ നിർമാണം ത്വരിതപ്പെടുത്തുമെന്നും സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും കാടുകൾ വെട്ടിത്തെളിയിക്കുമെന്നുമെല്ലാം മന്ത്രി ഉറപ്പ് നൽകിയിട്ടും ഇതൊന്നും പ്രവാർത്തികമാക്കിയിട്ടില്ല.
രാപ്പകലില്ലാതെ കാട്ടാനകൾ ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി വിഹരിക്കുകയാണ്. ആന മതിൽ നിർമാണത്തെക്കാൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫാമിൽ പുതിയ പട്ടയക്കാരെ സൃഷ്ടിച്ച് രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് ഭരണകക്ഷിയിൽപ്പെട്ടവർ ശ്രമിച്ചു വരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം. ഗീതാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ , മണികണ്ഠൻ പണിയൻ, പി.കെ. കരുണാകരൻ, കെ. സതീശൻ , ടി.സി. കുഞ്ഞിരാമൻ, ഭാസ്കരൻ തലക്കുളം, വെളുക്കൻ മൂപ്പൻ എന്നിവർ പ്രസംഗിച്ചു.