റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
1547003
Wednesday, April 30, 2025 7:59 AM IST
കണ്ണൂർ: റെയിൽവേയിൽ ടിടിഇയുടെ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ച യുവതിയെ എടക്കാട് പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തു. ചെന്നൈ നിലാംബൽ നഗറിലെ രമ്യ മണികണ്ഠനെയാണ് (29) എടക്കാട് എസ്ഐ ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാടാച്ചിറ സ്വദേശിയായ അഭിരാജിന്റെ (25) പരാതിയിലാണ് നടപടി.
സമൂഹ മാധ്യമത്തിൽ ചെന്നൈയിലെ ഒരു ജോബ് റിക്രൂട്ടിംഗ് എജൻസിയുടെ പരസ്യം കണ്ടാണ് യുവാവ് നടത്തിപ്പുകാരിയായ പ്രതിയുമായി ബന്ധപ്പെടുന്നത്. റെയിൽവേയിൽ ടിടിഇയുടെ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടു വർഷത്തിനുള്ളിൽ പലതവണകളായി പത്തേ മുക്കാൽലക്ഷത്തോളം കൈവശപ്പെടുത്തിയെങ്കിലും ജോലി ശരിയാക്കി നൽകിയില്ല.
താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയുമായി പോലീസ് കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. എസ്ഐ ഖലീലിനെ കൂടാതെ റജിൻ, അനില ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.