ആഗ്നേഷ്യന്‍ ഹോസ്പിറ്റാലിറ്റി ക്ലബിന്റെ പ്രവര്‍ത്തനം മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളില്‍ ആരംഭിച്ചു
1396669
Friday, March 1, 2024 7:06 AM IST
കടുത്തുരുത്തി: മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിന്റെയും പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെയും സംയുക്ത സംരംഭമായ ആഗ്നേഷ്യന്‍ ഹോസ്പിറ്റാലിറ്റി ക്ലബിന്റെ പ്രവര്‍ത്തനം മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളില്‍ ആരംഭിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. റവ.ഡോ. ജോസഫ് മലേപ്പറമ്പില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
സെന്റ് ആഗ്നസ് ഹൈസ്കൂളില്‍ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭമാണ് ആഗ്നേഷ്യന്‍ ഹോസ്പിറ്റാലിറ്റി ക്ലബ്. ആതിഥ്യമര്യാദയില്‍ അറിവും പരിജ്ഞാനവുമുള്ളവരായി പെണ്‍കുട്ടികളെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണിത്. മുട്ടുചിറ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കായി തയറാക്കിയ പ്രത്യേക കോഴ്സാണ് ഈ ക്ലബിലൂടെ നടപ്പാക്കുന്നത്. 12 ക്ലാസുകള്‍ അടങ്ങുന്ന കോഴ്സ് പാലായിലെ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടത്തുന്നത്.
ഘടനാപരമായ പാഠ്യപദ്ധതിയിലൂടെ കസ്റ്റമര്‍ സര്‍വീസ്, ഫുഡ് ആന്‍ഡ് ബിവറേജ് മാനേജുമെന്റ്, ഹൗസ് കീപ്പിംഗ്, പാചക വൈദഗ്ധ്യം എന്നിവയുള്‍പ്പെടെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ വിവിധ വശങ്ങള് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയാണ് കോഴ്സിന്റെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കരിയറിലും ജീവിതത്തില്‍ നേരിടേണ്ടിവരുന്ന മറ്റു വിവിധ മേഖലകളിലും പ്രയോജനപ്പെടുന്ന തരത്തില്‍ ആത്മവിശ്വാസവും നേതൃത്വ ഗുണങ്ങളും വളര്‍ത്തിയെടുക്കുന്നതും ലക്ഷ്യമാണ്.
സ്കൂള്‍ മാനേജര്‍ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് വട്ടപ്പിള്ളില്‍, ഡോ. ഷെറിന് കുര്യന്, സിസ്റ്റര്‍ ആനി ജേക്കബ് സിഎംസി, പിടിഎ പ്രസിഡന്റ് റോബിന് വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ അല്‍ഫോന്‍സ സിഎംസി, ജൂലിയാന ജോസഫ്, ഡോ. റോബിന് മാത്യു എന്നിവര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും.