പേവിഷബാധ സംശയിക്കുന്ന നായ വളർത്തുമൃഗങ്ങളെ ആക്രമിച്ചു
1602243
Thursday, October 23, 2025 7:32 AM IST
വൈക്കം: നഗരസഭയിലെ ആറാട്ടുകുളങ്ങര, ചാലപ്പറമ്പ്, കൊപ്പറമ്പ് പ്രദേശങ്ങളിലും ഉദയനാപുരം പഞ്ചായത്തിലെ കൊടിയാട് പ്രദേശത്തും പേവിഷബാധ സംശയിക്കുന്ന നായ വളർത്തുമൃഗങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായാണ് ആക്രമ ണമുണ്ടായത്. മുട്ടിയിത്തറ സുകുമാരിയുടെ പശുവിനും കിടാരിക്കും, കൊടിയാട് കട്ടപ്പുറത്ത് ആശയുടെ പശുക്കൾക്കും പ്രദേശത്തെ നിരവധി വളർത്തുനായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും ഈ നായയുടെ കടിയേറ്റിട്ടുണ്ട്.
ഇന്നലെരാവിലെ ഒന്പതോടെ കൊപ്പറമ്പിലുള്ള ഷിനുവിന്റെ വീട്ടിലെത്തിയ പേവിഷബാധ സംശയിക്കുന്ന നായ പ്രസവിച്ചുകിടന്ന നായയെയും കുഞ്ഞുങ്ങളേയും ആക്രമിച്ചു പരിക്കേൽപിച്ചു.
നഗരസഭാ കൗൺസിലർ ഏബ്രഹാം പഴയകടവന്റെ നേതൃത്വത്തിൽ പരിസരവാസികളായ മോനിഷും, അഭിജിത്തും ചേർന്ന് അവശനായ നായയെ പിടിച്ചുകെട്ടി.
ഉച്ചയ്ക്കുശേഷം നായ ചത്തു. വൈക്കം വെറ്ററിനറി ഡോക്ടർ ഡോ. ശെങ്കോട്ടയന്റെ നേതൃത്വത്തിൽ പശുക്കൾക്ക് അടിയന്തര ചികിത്സ നൽകി. നഗരസഭാ ഉദ്യോഗസ്ഥരായ പ്രവീണ, രമ്യ എന്നിവരും സ്ഥലത്തെത്തിയിരുന്നു.