അവകാശസംരക്ഷണ യാത്രയ്ക്ക് ഏറ്റുമാനൂരിൽ ഉജ്വല സ്വീകരണം
1602227
Thursday, October 23, 2025 7:16 AM IST
ഏറ്റുമാനൂർ: സുറിയാനി കത്തോലിക്കരുടെ സംഘശക്തി വിളിച്ചോതുന്ന സമുദായ സംഗമമായി അവകാശ സംരക്ഷണയാത്ര. സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 13ന് കാസർഗോഡുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് ഏറ്റുമാനൂരിൽ ഉജ്വല സ്വീകരണം നൽകി.
കത്തോലിക്കാ കോൺഗ്രസ് അതിരമ്പുഴ ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ നൂറുകണക്കിന് കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. ചങ്ങനാശേരി അതിരൂപതയിലെ ആദ്യ സ്വീകരണ കേന്ദ്രമായിരുന്നു ഏറ്റുമാനൂർ.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന അവകാശ സംരക്ഷണ യാത്രയെ സെൻട്രൽ ജംഗ്ഷനിൽ സ്വീകരിച്ച് കുരിശുപള്ളി ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ജാഥ സ്ഥിരാംഗങ്ങളായ ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ,
വൈസ് പ്രസിഡന്റുമാരായ രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ജോർജ് കോയിക്കൽ, അഡ്വ. മനു ജെ. വരാപ്പള്ളി, ബിജു സെബാസ്റ്റ്യൻ, ടോമിച്ചൻ അയ്യരുകുളങ്ങര എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കുരിശുപള്ളി ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനം ചങ്ങനാശേരി അതിരൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യ സന്ദേശവും അതിരൂപതാ ഡയറക്ടർ റവ.ഡോ. സാവിയോ മാനാട്ട് ആമുഖസന്ദേശവും നൽകി. ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ,
ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, അതിരൂപതാ ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര, അതിരൂപതാ ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ഭാരവാഹികളായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോയി പാറപ്പുറം, ബിജു തുളിശേരിൽ, ജോബി ചൂരക്കുളം എന്നിവർ പ്രസംഗിച്ചു.
അതിജീവനത്തിനായുള്ള പോരാട്ടം: പ്രഫ. രാജീവ് കൊച്ചുപറമ്പിൽ
ഏറ്റുമാനൂർ: ഒരു ജനത എന്ന നിലയിൽ നിഷ്കാസിതരായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടമാണ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റും അവകാശ സംരക്ഷണയാത്ര ക്യാപ്റ്റനുമായ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ. അവകാശ സംരക്ഷണയാത്രയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തെ വിമോചനസമരമായി ആരെങ്കിലും കണ്ടാലും വിരോധമില്ല. തങ്ങൾ പ്രക്ഷോഭത്തിൽനിന്ന് പിന്മാറില്ല. വർധിതവീര്യത്തോടെ പൗരാവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരം വർഷമായി ഇവിടെ ജനിച്ചു വളരുന്ന തങ്ങളെ വിദേശികൾ എന്നു മുദ്രചാർത്താനും ഭയപ്പെടുത്താനും ഏതു ശക്തികൾ ശ്രമിച്ചാലും നടക്കില്ലെന്നും ഈ സമൂഹം ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
സമുദായം ഉയർത്തിക്കാട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണം. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ശിപാർശകൾ അടിയന്തരമായി നടപ്പാക്കുകയും വേണം. അതല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും. പ്രശ്നാധിഷ്ഠിത നിലപാടെടുക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് കത്തോലിക്ക കോൺഗ്രസിന്റേതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട് പറഞ്ഞു. ഈ പോരാട്ടത്തെ ആർക്കും പരാജയപ്പെടുത്താനാവില്ല.