ചങ്ങനാശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ വൃത്തിയുള്ള കംഫര്‍ട്ട് സ്റ്റേഷന് വേണം
1602246
Thursday, October 23, 2025 7:32 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കുന്നു... തുറക്കുന്നു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതം മാത്രം. അടഞ്ഞുകിടന്ന കംഫര്‍ട്ട് സ്റ്റേഷന് താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ഇന്നലെ വീണ്ടും തുറന്നു. പലപ്പോഴും ഇതുതന്നെയാണ് ഇവിടത്തെ കംഫര്‍ട്ട് സ്റ്റേഷന്റെ അവസ്ഥ.
കാലപ്പഴക്കത്തില്‍ ഉപയോഗശൂന്യമായ കംഫര്‍ട്ട് സ്റ്റേഷന് അറ്റകുറ്റപ്പണികള്‍ നടത്തി ലക്ഷക്കണക്കിനു രൂപയാണ് നഗരസഭ പാഴാക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന് കെട്ടിടത്തിനു സമീപം പുതിയ ടാങ്ക് നിര്‍മിച്ച് നവീകരിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. ടാങ്ക് സ്ഥാപിക്കാനായി ജെസിബി ഉപയോഗിച്ചു മണ്ണു നീക്കം ചെയ്തപ്പോള്‍ പൊങ്ങിവന്നത് പ്ലാസ്റ്റിക് കൂമ്പാരമാണ്. മണ്ണിനടിയില്പ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക്കും മാലിന്യവും പൂര്‍ണമായും നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ആയിരക്കണക്കിനു യാത്രക്കാരും നിരവധി വ്യാപാരികളും ബസ് ജീവനക്കാരും എത്തുന്ന ഈ ബസ് സ്റ്റാന്‍ഡിലെ പഴയ കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സംവിധാനം നിര്‍മിക്കാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നഗരസഭാധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.