വെട്ടിമുകളിൽ വൈദ്യുതി തടസം; കൈമലർത്തി അധികൃതർ
1602231
Thursday, October 23, 2025 7:16 AM IST
വെട്ടിമുകൾ: വെട്ടിമുകൾ ഭാഗത്ത് ഒന്നരമാസത്തോളമായി വൈദ്യുതി തടസം. കാരണമെന്തെന്ന് ആരാഞ്ഞ നാട്ടുകാരോട് അറിയില്ലെന്ന് കെഎസ്ഇബി അധികൃതർ. പുന്നത്തുറ കവല, വെട്ടിമുകൾ, ഷട്ടർ കവല ഭാഗങ്ങളിലാണ് നിരന്തരം വൈദ്യുതി തടസം ഉണ്ടാകുന്നത്.
പകൽ സമയം ഇടയ്ക്കിടെ വൈദ്യുതി മുടങ്ങും. ഏതാനും നിമിഷങ്ങൾക്കുശേഷം തടസം നീങ്ങും. ഇന്നലെ പകൽ മുപ്പതിലേറെ തവണ വൈദ്യുതി പോയതായി നാട്ടുകാർ പറയുന്നു. രാത്രിയിൽ അരമണിക്കൂർ വരെ വൈദ്യുതി തടസം ഉണ്ടാകുന്നു. സാമൂഹ്യവിരുദ്ധർ ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരുന്നതാണോയെന്ന സംശയവും ഉണ്ടാകുന്നുണ്ട്.
വൈദ്യുതി തടസത്തിൽ വലയുന്ന നാട്ടുകാർ വിഷയം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ല. വൈദ്യുതി തടസത്തിന്റെ കാരണം പറയാൻ പോലും ജീവനക്കാർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പകൽ സമയം വ്യാപാരികൾക്കും ഓഫീസുകൾക്കും വൈദ്യുതി തടസം ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രിയിൽ കൊച്ചുകുട്ടികളും രോഗികളും ഉൾപ്പെടെയുള്ളവരും വലയുകയാണ്.