മനംകവരുന്ന മനോഹര കാഴ്ചയുമായി മേലരുവി വെള്ളച്ചാട്ടം
1438234
Monday, July 22, 2024 10:10 PM IST
കാഞ്ഞിരപ്പള്ളി: മഴക്കാലമെത്തിയതോടെ നയന മനോഹര കാഴ്ചയൊരുക്കി സഞ്ചാരികളെ വരവേല്‍ക്കുകയാണ് കാഞ്ഞിരപ്പള്ളി മേലരുവി വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ദൃശ്യഭംഗിയില്‍ മേലരുവിയിലെ വെള്ളച്ചാട്ടത്തിനും വശ്യമായ സൗന്ദര്യമാണ് കൈവന്നിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെള്ളം പാറക്കെട്ടുകളില്‍ തട്ടി ചിന്നിച്ചിതറി താഴേയ്ക്ക് പതിക്കുന്ന കാഴ്ച അത്രമേല്‍ മനോഹരമാണ്.
ദേശീയപാതയില്‍ കുന്നുംഭാഗത്തു0നിന്നു 500 മീറ്ററും കാഞ്ഞിരപ്പള്ളി ടൗണില്‍നിന്ന് രണ്ടു കിലോമീറ്ററും മാത്രമാണ് മേലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
മറ്റ് അരുവികളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെന്നതാണ് മേലരുവിയുടെ പ്രത്യേകത. തൊട്ടടുത്തുനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനാകും എന്നതും മറ്റൊരു പ്രത്യേകതയാണ്.
ഇവിടെ വികസനമുണ്ടായാല്‍ തേക്കടി, വാഗമണ്‍, പാഞ്ചാലിമേട് തുടങ്ങി ഹൈറേഞ്ചിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് ഒരു ഇടത്താവളം കൂടിയാകുമിത്.
മേയ് മുതല്‍ ഡിസംബര്‍ വരെയുള്ള എട്ടു മാസക്കാലം വെള്ളച്ചാട്ടം സമൃദ്ധമാണ്. നിലവില്‍ ഒരു സൂചനാബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മേലരുവിക്കു വികസനമുണ്ടായാല്‍ വിനോദസഞ്ചാര ഭൂപടത്തില്‍ അര്‍ഹിക്കുന്ന സ്ഥാനമാകും. മുമ്പു തടയണയിലെ വെള്ളത്തില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു നീന്തല്‍ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് തടയണയിലെ വെള്ളത്തില്‍ ചെളിയും മരകമ്പുകളും നിറഞ്ഞതിനാല്‍ നീന്തലിന് യോഗ്യമല്ലാതായി. ഇവ മാറ്റി തടയണയുടെ ആഴം കൂട്ടിയാല്‍ നീന്തല്‍ പരിശീലനവും ബോട്ടിംഗും നടത്താന്‍ കഴിയും. ഇരുകരകളിലും ഇരിപ്പടങ്ങളും സ്ഥാപിച്ചാല്‍ സഞ്ചാരികള്‍ക്കു വിശ്രമ കേന്ദവുമാകും.
ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദേശീയപാതയില്‍നിന്നു തിരിയുന്നിടത്തും മറ്റ് ജംഗ്ഷനുകളിലും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുകയും ടൂറിസം വികസനത്തിനു വേണ്ട നടപടികള്‍ ഉണ്ടാവുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടൂറിസം വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ സഞ്ചാരികള്‍ എത്താനും ഈ പ്രദേശത്തിന്റെ വികസനത്തിനും അതു വഴിയൊരുക്കും.