നാടെങ്ങും ഉത്സവമേളം
1587204
Wednesday, August 27, 2025 11:49 PM IST
തൊടുപുഴ: ഒാണത്തിമിർപ്പിലേക്കു നാടും നഗരവും. ഓണാവധിക്കായി ചില സ്കൂളുകളും കോളജുകളും അടച്ചതോടെ ഇന്നലെ കലാലയങ്ങളിൽ ആഘോഷങ്ങളുടെ പൊടിപുരമായിരുന്നു.
വെള്ളിയാഴ്ച ആഘോഷം നടക്കുന്ന സ്കൂളുകളുമുണ്ട്. ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി, ഓണക്വിസ്, മാവേലി മന്നൻ മത്സരം, മലയാളി മങ്ക മത്സരം വിവിധ മത്സരങ്ങൾ നടന്നു.
ഓണം വാരാഘോഷം ജില്ലാതല
ഉദ്ഘാടനം ചെറുതോണിയിൽ
ഇടുക്കി: ജില്ലയിലെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 10 വരെ വിപുലമായി ആഘോഷിക്കും. ജില്ലാതല ഉദ്ഘാടനം ചെറുതോണിയിലും സമാപനം തൊടുപുഴയിലും നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ, ടൂറിസം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യപാരി വ്യവസായി സംഘടനകൾ എന്നിവർ സംയുക്തമായാണ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യോഗം ചേർന്ന് സംഘാടകസമിതി രൂപികരിക്കും. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് ചെറുതോണിയിൽ പതാക ഉയർത്തും. തുടർന്ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡിൽനിന്നു സെൻട്രൽ ജംഗ്ഷനിലേക്കു വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും.
നാലിനു ചെറുതോണി ടൗണിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, എ. രാജ, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനം 10നു വൈകുന്നേരം അഞ്ചിന് തൊടുപുഴയിൽ നടക്കും. ഇതോടനുബന്ധിച്ച് വടംവലിയും സാംസ്കാരിക ഘോഷയാത്രയും നടക്കും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ഡിടിപിസി എക്സിക്യൂട്ടീവംഗങ്ങളായ സി.വി. വർഗീസ്, അനിൽ കൂവപ്ലാക്കൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ,വ്യാപാരിവ്യവസായി സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.