നിർമാണം വൈകുന്നു, ഫണ്ട് പോകാൻ സാധ്യത
1588488
Monday, September 1, 2025 11:16 PM IST
ഉടുന്പന്നൂർ- ഇടുക്കി റോഡിന് മോക്ഷം കിട്ടില്ലേ?
തൊടുപുഴ: ഉടുന്പന്നൂർ-കൈതപ്പാറ-ഇടുക്കി റോഡ് നിർമാണത്തിന് അനുവദിച്ച ഫണ്ട് പാഴാകുമോയെന്ന് ആശങ്ക. പിഡബ്ല്യുഡിയും ജില്ലാ ഭരണകൂടവും റോഡ് നിർമാണത്തിന് എല്ലാ സഹായവുമായി രംഗത്തുണ്ടെങ്കിലും വനംവകുപ്പിന്റെ അനാവശ്യ തടസമാണ് നിർമാണം ആരംഭിക്കാൻ ഇനിയും വൈകുന്നത്. അടുത്ത മാർച്ചിനു മുന്പ് നിർമാണം പൂർത്തീകരിക്കാനാ യില്ലെങ്കിൽ ഫണ്ട് പാഴാകും.
നേരത്തെ പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണത്തിനു പണം അനുവദിച്ചത്. റോഡിന്റെ നിർമാണത്തിനു വിട്ടുനൽകുന്ന ഭൂമിക്കു പകരമായി കാന്തല്ലൂരിൽ 30 ഏക്കർ റവന്യുഭൂമി വനംവകുപ്പിനു കൈമാറുകയും ചെയ്തിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡിന്റെ ടെൻഡർ നടപടി മാസങ്ങൾക്കു മുന്പു പൂർത്തിയാക്കിയത്. പിഎംജിഎസ്വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.
പ്രധാന പാത, എന്നിട്ടും
ഉടുന്പന്നൂർ മുതൽ കൈതപ്പാറ വരെയുള്ള 8.8 കിലോമീറ്റർ റോഡിന് 7.80 കോടിയും, കൈതപ്പാറ മുതൽ മണിയാറൻകുടിവരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് അനുവദിച്ചത്. ഈ പദ്ധതിയിൽ റോഡ് നിർമിക്കാൻ ആറുമീറ്റർ മുതൽ എട്ടു മീറ്റർ വരെ വീതി അനിവാര്യമാണ്.
നിലവിലുള്ള റോഡിനു പലഭാഗത്തും ഈ വീതി ലഭ്യമല്ല. തൊടുപുഴ- ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന്റെ പ്രത്യേകത. ഉടുന്പന്നൂർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും. കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിച്ച് വന്നിരുന്നത്. ഇതുമൂലം നിരവധികുടുംബങ്ങൾ ഇവിടെനിന്നു സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്കു പോകാനും നിർബന്ധിതരായി.
കുടിയൊഴിഞ്ഞവർ
വനംവകുപ്പിന്റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയിൽ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിൽ നിന്നു ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് ഭൂമി വനംവകുപ്പിനു വിട്ടുനൽകി കുടിയൊഴിഞ്ഞത്. റോഡ് വികസനത്തിന്റെ ഭാഗമായി വേളൂരിൽ പുതിയ പാലവും നിർമിക്കേണ്ടിവരും. നിലവിൽ ഇവിടെയുള്ള ചപ്പാത്ത് മഴക്കാലത്തു വെള്ളംകയറി മുങ്ങുന്ന സ്ഥിതിയാണ്.
ഇതു കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവർക്കു കടുത്ത യാത്രാദുരിതമാണ് സൃഷ്ടിക്കുന്നത്. മറുകരയെത്താൻ ചപ്പാത്തിലെ വെള്ളം ഇറങ്ങുന്നതും കാത്ത് ദിവസങ്ങളോളം കഴിയേണ്ട സ്ഥിതി. റോഡ് പൂർത്തിയാകുന്നതോടെ തൊടുപുഴയിൽനിന്നു കുറഞ്ഞ ദൂരത്തിൽ ഇടുക്കിയിലും എത്താനാകും.
നിലവിലുള്ള ഉടുന്പന്നൂർ-ഉപ്പുകുന്ന്-പാറമട -ഇടുക്കി റോഡിനേക്കാൾ കുറഞ്ഞ ദൂരമാണ് കൈതപ്പാറ-മണിയാറൻകുടി റോഡിനുള്ളത്.
പ്രളയകാലത്ത്
2018ലെ മഹാപ്രളയത്തിൽ ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്കു തടസം നേരിട്ടപ്പോൾ ഇടുക്കിയിൽനിന്നു തൊടുപുഴയിലെത്താൻ മണിയാറൻകുടി, കൈതപ്പാറ, ഉടുന്പന്നൂർ റോഡാണ് ഉപയോഗപ്പെടുത്തിയത്. അന്നുമുതൽ ഈ റോഡിന്റെ വികസനത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെയുള്ളവർ ഒട്ടേറെ ശ്രമം നടത്തിയിരുന്നു. വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുകൾ ഒഴിവായാൽ ആയിരങ്ങൾക്ക് ഗുണകരമാകുന്ന റോഡ് യാഥാർഥ്യമാകും.