ആലക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് പുരസ്കാരം
1587991
Sunday, August 31, 2025 3:09 AM IST
തൊടുപുഴ: ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രഥമ കായകൽപ അവാർഡ് ആലക്കോട് ഗവ.ആയുർവേദ ഡിസ്പെൻസറിക്കു ലഭിച്ചു.തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മന്ത്രി വീണ ജോർജിൽ നിന്നുആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, വൈസ് പ്രസിഡന്റ് ബൈജു ജോർജ്, ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എം.അനിത ബേബി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ.ജെറോം വി. കുര്യൻ, കായകല്പ ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. വിജിത ആർ. കുറുപ്പ് എന്നിവർ പ്രസംഗിച്ചു.ആശുപത്രികളിലെ മാലിന്യ പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, രോഗീപരിചരണം, മറ്റ് സേവന പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് സംസ്ഥാന തല കായകൽപ കമ്മിറ്റി അവാർഡ് നിർണയിക്കുന്നത്. ജീവിതശൈലീരോഗ ക്ലിനിക്ക്, പാലിയേറ്റീവ് ഗൃഹ സന്ദർശനം, യോഗ പരിശീലനം, മെഡിക്കൽ ക്യാന്പുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ ഈ സ്ഥാപനത്തിൽ ലഭ്യമാണ്.