ശുചിത്വ മിഷന് പൂക്കള മത്സരം
1588481
Monday, September 1, 2025 11:16 PM IST
തൊടുപുഴ: മാലിന്യമുക്തവുമായി ബന്ധപ്പെട്ട ക്രിയാത്മക ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ശുചിത്വ മിഷൻ ശുചിത്വ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മാലിന്യമുക്തം നവകേരളം എന്നതാണ് വിഷയം. മാലിന്യ സംസ്കരണം, തരംതിരിക്കൽ, മാലിന്യങ്ങളുടെ അളവുകുറയ്ക്കൽ, പാഴ്വസ്തുക്കളുടെ പുനരുപയോഗം, പുന:ചംക്രമണം, ഹരിതകർമസേനയുടെ പ്രവർത്തനം, ദേശീയ ശുചിത്വ സർവേയിലെ കേരളത്തിന്റെ നേട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങൾ പൂക്കളത്തിലൂടെ അവതരിപ്പിക്കണം. ജില്ലാതലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപ വീതം സമ്മാനം നൽകും. സംസ്ഥാനതല വിജയിക്ക് സംസ്ഥാന ശുചിത്വ മിഷൻ 25,000 രൂപ കാഷ് അവാർഡ് സമ്മാനിക്കും.
പൂക്കളും ഇലകളും പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ മാത്രം പൂക്കളം ഇടുന്നതിന് ഉപയോഗിക്കണം. പ്ലാസ്റ്റിക്, രാസവസ്തുക്കൾ, കൃത്രിമ അലങ്കാരങ്ങൾ എന്നിവ ഒഴിവാക്കണം. പൂക്കളത്തിലെ ഓരോ ഭാഗവും വൃത്തിയും വെടിപ്പും അച്ചടക്കവും പ്രതിഫലിക്കണം.
മത്സരാർഥികൾ ശുചിത്വ മിഷന്റെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്തിരിക്കണം. ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഒരു എൻട്രി മാത്രമേ അയയ്ക്കാൻ സാധിക്കൂ. പൂക്കളത്തിന്റെ ഫോട്ടോ ഡോക്യുമെന്റായി അയയ്ക്കണം. പൂക്കളം മാലിന്യമുക്ത കേരളം എന്ന ആശയം വ്യക്തമായി പ്രതിനിധീകരിക്കണം.
പൂക്കളത്തിന്റെ ഫോട്ടോയും, നിർമിച്ചവരുടെ ഫോട്ടോ അവരുടെ തന്നെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യണം. ജില്ലാ ശുചിത്വ മിഷന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ ടാഗ് ചെയ്യുക.
തുടർന്ന് ജില്ലയും പങ്കെടുത്ത വ്യക്തിയുടെ അല്ലെങ്കിൽ ഗ്രൂപ്പിന്റെ വിലാസവും രേഖപ്പെടുത്തി ചിത്രങ്ങൾ onampookalam [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഏഴിനകം അയയ്ക്കണം.