ഓണത്തിന് പൂപ്പാടങ്ങളൊരുങ്ങി
1587996
Sunday, August 31, 2025 3:09 AM IST
പനംകുട്ടി പള്ളിയങ്കണത്തിൽ ചെണ്ടുമല്ലി
ചെറുതോണി: പനംകുട്ടി പള്ളിയിൽ ചെണ്ടുമല്ലി വസന്തകാലം. ഓണത്തെ വരവേൽക്കാൻ നൂറുകണക്കിന് ചെണ്ടുമല്ലികളാണ് വിരിഞ്ഞിരിക്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ പനംകൂട്ടി സെന്റ് ജോസഫ് പള്ളിയങ്കണത്തിൽ ജൂൺ അഞ്ചിലെ പരിസ്ഥിതിദിനത്തിൽ പള്ളിക്ക് ചുറ്റുമായി ഇടവക വികാരി ഫാ. ജോസഫ് പൗവത്തിലിന്റെ നേതൃത്വത്തിൽ 250 ചെടിച്ചട്ടികളിൽ നട്ടുപിടിപ്പിച്ച ചെണ്ടുമല്ലികളാണ് ഓണത്തെ വരവേൽക്കാൻ മൊട്ടിട്ടത്.
ചെടികൾ നടാനും പരിപാലിക്കാനും ഇടവകയിലെ കെസിവൈഎം, മിഷൻ ലീഗ്, മാതൃവേദി, തിരുബാലസഖ്യം പ്രവർത്തകർ അണിചേർന്നു. ഓണക്കാലമായതോടെ പൂക്കളമൊരുക്കാൻ നിരവധിപ്പേരാണ് പള്ളിയിലെ ചെണ്ടുമല്ലി തേടിയെത്തുന്നത്.
എട്ടുനോമ്പ് തിരുനാളിൽ പള്ളികളിൽ അലങ്കരിക്കാനും ചെണ്ടുമല്ലിപൂവുകൾ നേരത്തേ ബുക്കുചെയ്യുന്നവരുണ്ട്. പൂക്കൾ വാങ്ങാൻ മാത്രമല്ല, ഈ മനോഹരകാഴ്ച മൊബൈൽ ഫോണിൽ പകർത്താനും പൂക്കളുടെ നടുവിൽ നിന്നു ഫോട്ടോയെടുക്കാനും എത്തുന്നവരും കുറവല്ല. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് പള്ളിയങ്കണത്തിൽ വിരിഞ്ഞുനിൽക്കുന്നത്.
ഇടുക്കി - അടിമാലി റൂട്ടിൽ പനംകുട്ടിയിൽനിന്നും ചപ്പാത്തു വഴി അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിയിലെത്താം. കമ്പിളികണ്ടം, മങ്കുവ, പാറത്തോട്, പണിക്കൻകുടി, മുനിയറ, മുരിക്കാശേരി, ഇടുക്കി, അടിമാലി തുടങ്ങിയ പ്രദേശങ്ങളിൽനിന്നെല്ലാം ഇവിടെ ആളുകളെത്തുന്നുണ്ട്.
ഹൈറേഞ്ചിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമെ ചെണ്ടുമല്ലി കൃഷിയുള്ളൂ. തമിഴ്നാട്ടിൽ നിന്ന് കിലോയ്ക്ക് 300 രൂപ വിലയ്ക്കാണ് പൂവ് ലഭിക്കുന്നത്. ഇവിടെ പൂവ് വാങ്ങാനെത്തുന്നവരിൽനിന്ന് ചെറിയ വിലയും ഈടാക്കാറുണ്ട്.
ഉടുന്പന്നൂരിൽ മഴയെയും അതിജീവിച്ച്
ഉടുന്പന്നൂർ: ഓണത്തെ വരവേൽക്കാൻ ഉടുന്പന്നൂരിലെ പൂപ്പാടങ്ങൾ ഒരുങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിളവ് കുറഞ്ഞെങ്കിലും കനത്ത മഴയെ അതിജീവിച്ച ചെണ്ടുമല്ലിത്തൈകളെ പരിപാലിച്ച് പൂ വിരിയിക്കുകയാണ് ഉടുന്പന്നൂരിലെ കർഷകർ.
14,000 തൈകൾ നട്ടാണ് കഴിഞ്ഞ വർഷം മികച്ച വിളവെടുത്തത്.

ഇത്തവണ 20,000 തൈകളാണ് നട്ടി പിടിപ്പിച്ചത്. അഞ്ചു രൂപയുടെ തൈകൾ പഞ്ചായത്തിന്റെ സബ്സിഡിയോടെ കർഷകർക്ക് 1.25 രൂപയ്ക്ക് നൽകി. ഹെക്ടർ ഒന്നിന് 16,000 രൂപ നിരക്കിൽ കൂലിചെലവിന് സബ്സിഡിയും നൽകി. വിവിധ കൃഷിക്കൂട്ടങ്ങളുടെയും കുടുംബശ്രീ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ 19 ഇടങ്ങളിൽ കൃഷിയിറക്കി. ആയിരം കിലോയോളം പൂക്കൾ കഴിഞ്ഞ തവണ വിൽപ്പന നടത്താൻ കഴിഞ്ഞിരുന്നു.
പക്ഷേ കാലം തെറ്റി പെയ്ത കനത്ത മഴയും മഴ മാറിയപ്പോൾ വന്ന കഠിനമായ വെയിലും ഇത്തവണ വില്ലനായി. വിളവ് പകുതിയോളം കുറഞ്ഞെങ്കിലും പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിൻതുണയോടെ ശേഷിച്ച പൂപ്പാടങ്ങൾ വിളവെടുത്തു. ഒരു കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽപ്പന. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബീന രവീന്ദ്രൻ, മെംബർ ജിൻസി സാജൻ, സെക്രട്ടറി ജെ.എസ് ഷമീന തുടങ്ങിയവർ പ്രസംഗിച്ചു.