പഠനത്തിനൊപ്പം പായസത്തിന്റെ രുചിയും...
1588753
Tuesday, September 2, 2025 11:23 PM IST
വണ്ടമറ്റം: പഠനത്തോടൊപ്പം പായസം വിൽപ്പനയിലൂടെ മികച്ച വരുമാനം കണ്ടെത്തി അർജുനും സഹോദരൻ അനന്തുവും മാതൃകയാകുന്നു. മൂന്ന് വർഷം മുന്പാണ് പായസം വിൽപ്പന തുടങ്ങിയത്.
ഓണക്കാലമെത്തിയതോടെ പായസത്തിന് ആവശ്യ ക്കാരേറി.
ഏഴ് വർഷം മുന്പ് ഇവരുടെ അച്ഛൻ ഷൈമോനും അമ്മ ബിന്ദുവും ചേർന്ന് വണ്ടമറ്റം ബൈപാസിൽ ചെറിയ കട തുടങ്ങി. അവശ്യവസ്തുക്കളും ചായയുമായിരുന്നു വിൽപ്പന. മാതാപിതാക്കളെ സഹായിക്കണമെന്ന ലക്ഷ്യത്തോടെയാണ് മക്കൾ പായസം കച്ചവടത്തിലേക്ക് തിരിയുന്നത്. മൂന്ന് വർഷം മുന്പ് ഓണക്കാലത്തായിരുന്നു തുടക്കം. അമ്മ ബിന്ദുവും അർജുനും ചേർന്ന് പായസം തയാറാക്കും. സഹോദരങ്ങൾ സ്റ്റേഷനറി കടയുടെ വരാന്തയിൽ മേശയിട്ട് പായസം വിൽപ്പന ആരംഭിച്ചു.
പായസത്തിനു പ്രിയമേറിയതോടെ വർഷം മുഴുവൻ പായസം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണക്കാലത്താണ് കൂടുതൽ വിൽപ്പന നടക്കുന്നത്. ഇത്തവണയും പായസം വാങ്ങാൻ വിവിധ സ്ഥലങ്ങളിൽനിന്ന് ആൾക്കാരെത്തുന്നുണ്ട്. ആവശ്യക്കാർക്ക് പായസം ഓർഡർ അനുസരിച്ച് എത്തിച്ചുനൽകുന്ന ഡെലിവറി സംവിധാനത്തെപ്പറ്റിയും ഇവർ ആലോചനയിലാണ്.
അർജുൻ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ പാസായി ഇഗ്നോയിൽ ബിഎ സൈക്കോളജി പഠനം നടത്തുന്നു. അനന്തു ബിപിഎഡ് കഴിഞ്ഞ് ഇഗ്നോയിൽ ഡിഗ്രി വിദ്യാർഥിയാണ്.