മുട്ടത്ത് ഓണോത്സവം നാളെ മുതൽ
1588482
Monday, September 1, 2025 11:16 PM IST
തൊടുപുഴ: മുട്ടം കലാകൈരളി സാംസ്കാരിക വേദിയുടെയും പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നാളെ മുതൽ 14 വരെ ഓണോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്നിന് മുട്ടം ടാക്സി സ്റ്റാൻഡിൽ വടംവലി മത്സരം നടക്കും.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഏഴുപേർ ഉൾപ്പെടുന്ന ടീമുകൾക്ക് മത്സരിക്കാം. രജിസ്ട്രേഷൻ ഫീസ് 500 രൂപ. ഒന്നാം സ്ഥാനക്കാർക്ക് 5,001 രൂപയും ഏത്തക്കുലയും. 4,001 രൂപയും രണ്ട് കോഴികളുമാണ് രണ്ടാം സമ്മാനം. മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനക്കാർക്ക് യഥാക്രമം 3,001, 2,001, 1,001 രൂപ വീതം സമ്മാനം കിട്ടും.
വ്യാഴാഴ്ച വൈകുന്നേരം നാലിന് മുട്ടം കോടതി ജംഗ്ഷനിൽനിന്ന് ടാക്സി സ്റ്റാൻഡിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്യും.
കരാക്കെ ഗാനമേള, കതിർക്കൊയ്ത്ത് നാടൻ കലാ ദൃശ്യവിസ്മയം എന്നിവയും അരങ്ങേറും. മറ്റ് ദിവസങ്ങളിൽ സെമിനാർ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും.
പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ടി.കെ. മോഹനൻ, കണ്‍വീനർ അഖിൽ സദാശിവൻ, ട്രഷറർ ബെന്നി പ്ലാക്കൂട്ടം, മുട്ടം പബ്ലിക് ലൈബ്രറി സെക്രട്ടറി വിൻസന്റ് ഉലഹന്നാൻ എന്നിവർ പങ്കെടുത്തു.