നോക്കെത്താ ദൂരത്തോളം പൂപ്പാടം; തമിഴ്നാട്ടില്‍ വിളവെടുപ്പ് തുടങ്ങി
1588762
Tuesday, September 2, 2025 11:23 PM IST
നെടുങ്കണ്ടം: ഓണത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ഗ്രാമങ്ങള്‍ തമിഴ്നാട്ടിലുണ്ട്. കേരളത്തില്‍ പൂക്കളം ഒരുക്കാന്‍ വസന്തം തീര്‍ക്കുന്ന ഗ്രാമങ്ങളാണ് ഇവ. തേനി ജില്ലയിലെ പല്ലവരായന്പെട്ടിയുടെ ഗ്രാമവഴിയുടെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പൂപ്പാടങ്ങളാണ്. ജമന്തിയും ചെണ്ടുമല്ലിയും മുല്ലയും റോസും അരളിയും വാടാമല്ലിയും ഒക്കെ ഇവിടെ പൂത്തുനില്ക്കുന്നു. കേരളത്തിനൊപ്പം കര്‍ണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും വിദേശത്തേക്കുമെല്ലാം ഇവിടെനിന്നു പൂക്കള്‍ കയറ്റുമതി ചെയ്യാറുണ്ട്. എന്നാല്‍, പ്രധാന മാര്‍ക്കറ്റ് കേരളം തന്നെ. ഓണക്കാലമാണ് പ്രധാന സീസണ്.
പല്ലവരായന്പെട്ടിയിലെ അഞ്ഞൂറോളം കര്‍ഷകര്‍ 1,000 ഏക്കറിലധികം സ്ഥലത്തു പൂക്കൃഷി നടത്തുന്നുണ്ട്. ഓണം ഇവര്‍ക്കും പ്രതീക്ഷയുടെ ഉത്സവമാണ്. കര്‍ഷകര്‍ പല്ലവരായന്പെട്ടിയിലെ മാര്‍ക്കറ്റിലാണ് പൂക്കള്‍ വില്‍ക്കുന്നത്. ഇവിടെനിന്ന് ആവശ്യക്കാര്‍ ലേലം വിളിച്ച് വാങ്ങും. ചെണ്ടുമല്ലി - 30, ജമന്തി - 50, വാടാമല്ലി - 120, മുല്ല 900, അരളി - 260 എന്നിങ്ങനെയാണ് നിലവിലെ കിലോ വില.
മറ്റ് സമയങ്ങളിലും കേരളത്തിലേക്കു പൂക്കള്‍ എത്താറുണ്ടെങ്കിലും ഓണനാളുകളാണ് ഈ ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും.