ഓണവിപണിയിൽ ട്രെൻഡ് കസവ് മുണ്ടും സാരിയും
1587997
Sunday, August 31, 2025 3:09 AM IST
തൊടുപുഴ: ഓണം പടിവാതിലിൽ എത്തി നിൽക്കെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തിരക്കേറി. മുതിർന്നവർക്കും കുട്ടികൾക്കും ഓണ സമ്മാനമായി പുത്തൻ വസ്ത്രങ്ങൾ കൈമാറുന്നത് ഓണക്കാലത്താണ്.
ഓണക്കോടിയെന്നു കേൾക്കുന്പോൾത്തന്നെ മനസിലെത്തുന്ന കേരളീയ വസ്ത്രങ്ങൾക്കു തന്നെയാണ് ഇത്തവണയും പ്രിയം കൂടുതൽ. കസവു സാരിയും കസവു മുണ്ടുമാണ് ഓണക്കാലത്തെ ട്രെൻഡ്. ഓഫ് വൈറ്റ് നിറവും സ്വർണ കസവുമുള്ള ജോഡി ഉപയോഗിച്ചു നൂതന പരീക്ഷണങ്ങളാണു വസ്ത്രങ്ങളിൽ നടക്കുന്നത്. കേരള സാരിയും സെറ്റും മുണ്ടും വേണ്ടെങ്കിൽ ഓണം മൂഡുള്ള അനാർക്കലി സ്യൂട്ടും ചുരിദാറും വിപണിയിൽ ലഭ്യമാണ്.
സെറ്റ് സാരിയിലും പുതുമ
ഓണം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ വാങ്ങാനാണ് ഈ ദിവസങ്ങളിൽ തിരക്ക്. നേരത്തെ ഓണ്‍ ലൈനിലും മറ്റുമായിരുന്നു ഇത്തരം ഡിസൈൻ വസ്ത്രങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ വസ്ത്രശാലകളിൽ ഇതു സുലഭമായി ലഭിക്കും. കോളജ് വിദ്യാർഥിനികൾക്കു കസവു സാരിയും സെറ്റുമാണ് പ്രിയം. നേരത്തെ ദാവണിയായിരുന്നു ഓണക്കാലത്തു പെണ്‍കുട്ടികൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇതിനോടു താത്പര്യം കുറഞ്ഞു.
വിവിധ വർണങ്ങളിലുള്ള നീളൻ പട്ടു പാവാടകളും വിവിധ ഡിസൈനിലുള്ള ബ്ലൗസുമാണ് പെണ്‍കുട്ടികളുടെ ഇഷ്ട ഓണക്കാല വേഷം. ഇപ്പോൾ സെറ്റിലും കേരള സാരിയിലും ഏറെ പുതുമകളുമുണ്ട്. ബോർഡറിൽ മയിൽപ്പീലിയും ശ്രീകൃഷ്ണനും അത്തപ്പൂക്കളവും വരുന്ന സെറ്റു മുണ്ടും സാരിയുമുണ്ട്. പഴയ കാലത്തെ പുളിയിലക്കരയ്ക്കും ആവശ്യക്കാരുണ്ട്.
കരയൻ മുണ്ടുകൾ
ഷർട്ടുകളാണ് യുവാക്കളെയും വിദ്യാർഥികളെയും ആകർഷിക്കുന്നത്. കടും നിറമുള്ള ഷർട്ടുകളും കരയൻ മുണ്ടുകളുമാണ് ഇവരുടെ ഓണവേഷം. കഥകളിയുടെയും പുലിമുഖത്തിന്റെയും കേരളീയ കലകളുടെയും ചിത്രങ്ങൾ പകുതിയായും മുഴുവനായും പ്രിന്റു ചെയ്തെടുത്ത ഷർട്ടുകൾക്ക് ആവശ്യക്കാരേറെ. ഒരു വർഷത്തെ ഏറ്റവും വലിയ വ്യാപാര സീസണായ ഓണത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ മഴ തുടർച്ചയായി പെയ്യുന്നത് വ്യാപാരികളെ തെല്ല് ആശങ്കപ്പെടുത്തിയിട്ടുണ്ടെങ്കിലും കച്ചവടം മുന്നോട്ടുപോകുമെന്നു തന്നെയാണ് പ്രതീക്ഷ.
കഴിഞ്ഞ വാരം കലാലയങ്ങളിലെ ഓണാഘോഷങ്ങളോടനുബന്ധിച്ച് കച്ചവടം മെച്ചപ്പെട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷം നടക്കുന്നതിനാൽ വ്യാപാരം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.