ദേശീയ ശുചിത്വ സർവേ: നഗരസഭകൾക്ക് ആദരം
1588258
Sunday, August 31, 2025 11:53 PM IST
തൊടുപുഴ: സ്വച്ഛ് സർവേക്ഷൻ 2024-25 ദേശീയ ശുചിത്വ സർവേ റാങ്കിംഗിൽ മികച്ച മുന്നേറ്റം നടത്തിയ തൊടുപുഴ, കട്ടപ്പന നഗരസഭകളെ ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ആദരിച്ചു. നഗരസഭകൾക്കു ജില്ലാ ശുചിത്വമിഷന്റെ പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും കളക്ടർ കൈമാറി.
രണ്ടു നഗരസഭകളും ദേശീയ തലത്തിൽ അഞ്ഞൂറിൽ താഴെ റാങ്കു നേടി. കട്ടപ്പന നഗരസഭയ്ക്ക് 2023 - 24 ൽ 3425 സ്കോറും ദേശീയ തലത്തിൽ 1721-ാം റാങ്കും ആയിരുന്നു. ഈ വർഷം കട്ടപ്പന 8012 സ്കോർ നേടി ദേശീയതലത്തിൽ 331-ാം റാങ്ക് കരസ്ഥമാക്കി. ഒഡിഎഫ് പ്ലസ് പദവി നിലനിർത്താനും നഗരസഭയ്ക്ക് സാധിച്ചു.
ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗ് ദേശീയ റാങ്കിംഗിലും കട്ടപ്പന നഗരസഭയ്ക്ക് തിളക്കമാർന്ന നേട്ടമുണ്ട്. സംസ്ഥാനത്ത് ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗിൽ റാങ്ക് നേടിയ 23 നഗരങ്ങളിൽ ഒന്നായ കട്ടപ്പന നഗരസഭ ഒരു സ്റ്റാർ നേടിയാണ് ഈ നേട്ടം കൈവരിച്ചത്.
ചെയർപേഴ്സണ് ബീന ടോമി, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. അനുപ്രിയ, കെ.ജി. പ്രവീണ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
തൊടുപുഴ നഗരസഭ 2023-24 ൽ 2745 സ്കോർ നേടി ദേശീയ തലത്തിൽ 2912-ാം റാങ്ക് നേടിയിരുന്നു. ഈ വർഷം 7307 സ്കോർ നേടി ദേശീയതലത്തിൽ 342-ാം റാങ്ക് നേടാനായി. കൂടാതെ ഒഡിഎഫ് പ്ലസ് പദവി നിലനിർത്താനും സാധിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരിം, ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, അഖില ശിവൻ എന്നിവർ പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.