ഓണം വാരാഘോഷം ഇന്നുമുതൽ
1588749
Tuesday, September 2, 2025 11:23 PM IST
ആഘോഷത്തിന്റെയും കാഴ്ചകളുടെയും നാളുകൾ ഘോഷയാത്ര, കലാപരിപാടികൾ
ഇടുക്കി: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിൽ, വാഴത്തോപ്പ് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്നു ുതൽ ഒൻപതുവരെ ചെറുതോണിയിൽ ജില്ലാ ഓണം വാരാഘോഷം സംഘടിപ്പിക്കും. ഇന്നു രാവിലെ 10ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് പതാക ഉയർത്തും. വൈകുന്നേരം 6.30 ന് ഗാനമേള. നാലിനു വിവിധ മത്സരങ്ങൾ ചെറുതോണി വ്യാപാരഭവൻ ഹാളിൽ നടക്കും. തിരുവോണ ദിനത്തിൽ പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ നടക്കും. ആറിന് ഫൈവ്സ് ഫുട്ബോൾ മത്സരം വാഴത്തോപ്പ് എച്ച്ആർസി ഗ്രൗണ്ടിൽ സംഘടിപ്പിക്കും.
എട്ടിന് മൂന്നു മുതൽ ചെറുതോണിയിലെ വേദിയിൽ കൈകൊട്ടിക്കളി, ഇടുക്കി കലാജ്യോതിയുടെ നൃത്തം എന്നിവ അരങ്ങേറും. ഒൻപതിന് ഉച്ചയ്ക്ക് 2.30 ന് ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ചെറുതോണി പെട്രോൾ പന്പിനു സമീപത്തുനിന്ന് ആരംഭിക്കും. 3.30ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി സന്ദേശം നൽകും.
എംഎൽഎ മാരായ എം. എം.മണി, പി.ജെ.ജോസഫ്, എ.രാജ, മുൻ എംപി ജോയ്സ് ജോർജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് പോൾ, ജിൻസി ജോയി, അനുമോൾ ജോസ്, ജോർജ് ജോസഫ്, ജോസ്മി ജോർജ്, കെ.എസ്.വിനോദ്, എഡിഎം ഷൈജു പി.ജേക്കബ് എന്നിവർ പ്രസംഗിക്കും. വൈകുന്നേരം ആറിന് ഇടുക്കി കലാസാഗർ അവതരിപ്പിക്കുന്ന ഗാനമേള.
പച്ചക്കറിക്കു പിന്നാലെ
വാഴയിലയും പുറപ്പെട്ടു!
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് മലയാളിക്ക് ഒഴിവാക്കാനാകാത്ത വാഴയിലയ്ക്ക് ഇത്തവണയും ആശ്രയം അന്യ സംസ്ഥാനംതന്നെ. നാട്ടിൽ ഇലയ്ക്കു ക്ഷാമം ഉണ്ടായതോടെ ഇതിനു ഡിമാന്ഡും വിലയും ഏറി. രുചിക്കൂട്ടുകൾ സംഗമിക്കുന്ന ഓണസദ്യ വിളന്പുന്നത് നല്ല തൂശനിലയിൽ ആയിരിക്കണമെന്നത് മലയാളികൾക്കു നിർബന്ധം. സദ്യവട്ടമൊരുക്കാനുള്ള പച്ചക്കറികൾക്കു പുറമെയാണ് തൂശനിലയും വലിയ തോതിൽ അതിർത്തി കടന്നെത്തുന്നത്.
തമിഴ്നാട്ടിലെ കന്പം, തേനി, ശീലയംപെട്ടി, മേട്ടുപ്പാളയം, കോയന്പത്തൂർ, തൂത്തുക്കുടി, തഞ്ചാവൂർ, തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്കു വാഴയില എത്തുന്നത്. പ്രാദേശികമായി വാഴയില ലഭിക്കുന്നുണ്ടെങ്കിലും ഓണക്കാലത്ത് ആയിരക്കണക്കിനു കെട്ട് ഇലയാണ് ആവശ്യമായി വരുന്നത്.
ഇതിന്റെ ഏറിയ പങ്കും തമിഴ്നാട്ടിൽനിന്നു തന്നെയെത്തണം. മേന്മയേറിയ വടിവൊത്ത തൂശനില തമിഴ്നാട്ടിൽനിന്നുതന്നെ വന്നാലേ തികയൂയെന്ന് കച്ചവടക്കാർ പറയുന്നു.
വില കുതിച്ചു
രണ്ടാഴ്ച മുൻപു വരെ അഞ്ചു രൂപ മുതൽ ഏഴു രൂപ വരെയായിരുന്നു തൂശനിലയ്ക്കു വില. ഓണമെത്തിയതോടെ 10 രൂപ വരെയായി ഉയർന്നു തുടങ്ങി. അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യത. ഇല ശേഖരിക്കാൻ മാത്രം തമിഴ്നാട്ടിൽ പ്രത്യേകയിനം വാഴകൾ കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകൾക്ക് ആവശ്യക്കാർ കുറവാണ്. അവിയൽ, സാന്പാർ എന്നിവയിൽ ഇടാനാണ് ഇതിന്റെ കായകൾ കൂടുതലായി ഉപയോഗിക്കുന്നത്.
നാലു ദിവസം വരെ ഈ ഇലകൾ വാടാതിരിക്കും. പെട്ടെന്നു കീറില്ലെന്നതും തമിഴ്നാട്ടിൽനിന്നുള്ള ഇലകളുടെ പ്രത്യേകതയാണ്. പ്രാദേശിക തലത്തിൽ ഞാലിപ്പൂവൻ വാഴയുടെ ഇലയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
മറ്റ് ഇലകളെ അപേക്ഷിച്ച് ഇതു പെട്ടെന്നു പൊട്ടിപ്പോകില്ലെന്നു മാത്രമല്ല നേർത്തതുമാണ്.
ഇത്തവണ മഴക്കാലത്തു വാഴക്കൃഷിയിൽ ഉണ്ടായ നാശനഷ്ടം കാരണം നാടൻ വാഴയിലയ്ക്കു വലിയ ക്ഷാമമുണ്ടായിട്ടുണ്ട്. കാറ്റിലും മഴയിലും കീറുന്ന ഇലകൾ സാധാരണ ഉപയോഗിക്കാറില്ല.