മനം നിറയ്ക്കുമോ കുറിഞ്ഞിപ്പൂക്കൾ...
1587717
Friday, August 29, 2025 11:44 PM IST
മൂന്നാർ: മഴക്കാലം കഴിഞ്ഞതോടെ ഹരിതശോഭയേറിയ മൂന്നാറിന്റെ വിവിധയിടങ്ങളിലായി നീലക്കുറിഞ്ഞി പൂവിട്ടത് സഞ്ചാരികൾക്ക് ആവേശം പകരുന്നു. അപൂർവ കാഴ്ചയായ കുറിഞ്ഞി പൂവിടുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരുക്കുന്നവർക്ക് സന്തോഷം പകർന്നാണ് മാട്ടുപ്പെട്ടി റോഡിലെ ചില ഭാഗങ്ങളിലും ഗ്രാം സ്ലാൻഡ് എസ്റ്റേറ്റിലുമായി കുറിഞ്ഞിപ്പൂക്കൾ വിടർന്നു നിൽക്കുന്നത്.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവയിനം കുറിഞ്ഞി കഴിഞ്ഞ 2018 ലാണ് മൂന്നാർ നിലകളിൽ പൂത്തത്. കൊളക്കുമലയിൽ വ്യാപകമായും ഇരവികുളം നാഷണർ പാർക്കിന്റെ ഭാഗമായ രാജമലയിലുമാണ് അന്നു കുറിഞ്ഞി പൂത്തത്.
അന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് കുറിഞ്ഞി വസന്തം കാണാൻ മൂന്നാറിലെത്തിയത്. അടുത്തതായി 2030 ലാണ് കുറിഞ്ഞി പൂവിടുവാൻ സാധ്യതയുള്ളത്. അതിനിടയിലാണ് സഞ്ചാരികളിൽ പ്രതീക്ഷയുണർത്തി മൂന്നാറിൽനിന്ന് മാട്ടുപ്പെട്ടിക്ക് പോകുന്ന വഴിയിലെ ചിലയിടങ്ങളിലും ഗ്രാംലസ്ലാൻഡ് എസ്റ്റേറ്റിന്റെ ചിലയിടങ്ങളിലും കുറിഞ്ഞി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
സാധാരണയായി കുറിഞ്ഞി പൂക്കൾ വ്യാപകമായി മലനിരകളിൽ പൂത്തുലയുന്നതിനു മുന്പായി ഇത്തരത്തിൽ ചിലയിടങ്ങളിൽ പൂവിടുന്നത് പതിവാണ്.