വനംവകുപ്പിന്റെ തടസം നീക്കണം: ഡീൻ കുര്യാക്കോസ് എംപി
1588758
Tuesday, September 2, 2025 11:23 PM IST
ചെറുതോണി: ഇടുക്കി -ഉടുമ്പന്നൂർ റോഡിന്റെ ഭാഗമായ ഉടുമ്പന്നൂർ -കൈതപ്പാറ- മണിയാറൻകുടി പിഎംജിഎസ് വൈ റോഡിന് വനംവകുപ്പ് സ്ഥലം വിട്ടുനൽകുന്നതിന് പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിന് അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകി.
പിഎംജിഎസ്വൈയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച റോഡിന് സാങ്കേതിക തടസങ്ങൾ മറികടന്ന് 18-07-2023 ആണ് സാങ്കേതികാനുമതി ലഭ്യമായത്. 03-11-2023 ൽ കരാർ ഒപ്പിട്ടു. ഇതോടൊപ്പം തന്നെ വനംവകുപ്പിൽനിന്ന് ഭൂമി വിട്ടുകിട്ടുന്നതിനും പരിവേഷ് പോർട്ടലിൽ ഈ പ്രവൃത്തി അപ്ലോഡ് ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വനംവകുപ്പ് പരിഹാര വനവത്കരണത്തിനായി കാന്തല്ലൂർ വില്ലേജിലെ റവന്യു ഭൂമി വിട്ടു നൽകി.
2024 ജനുവരിയിൽ വനംവകുപ്പ് ബന്ധപ്പെട്ട സൈറ്റിൽ പരിഹാര വനവത്കരണ ഭൂമി അപ്ലോഡ് ചെയ്തു. ഒന്നര വർഷം കഴിയുമ്പോഴും വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കാത്തത് ഖേദകരവും പ്രതിഷേധാർഹവുമാണ്. റോഡിനായി 2019 മുതൽ ആരംഭിച്ച നടപടികളിൽ വനംവകുപ്പ് മെല്ലപ്പോക്കു നടത്തുകയാണ്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും പരിവേഷ് പോർട്ടലിൽ വിട്ടുകിട്ടുന്ന ഭൂമി അപ് ലോഡ് ചെയ്യാൻ തയാറാകാതെ ഉന്നത വനം ഉദ്യോഗസ്ഥർ ഒളിച്ചുകളി നടത്തുകയാണ്.
എംപി യെന്ന നിലയിൽ ബന്ധപ്പെട്ട എല്ലാവരേയും സമന്വയിപ്പിച്ചുകൊണ്ട് പതിറ്റാണ്ടുകളായി മലയോരജനതയുടെ പൊതു ആവശ്യത്തിനായി പരിശ്രമിച്ചുവരികയാണ്.
പിഎംജിഎസ്വൈ ഫേസ് മൂന്നിന്റെ കാലാവധി കേന്ദ്ര ഗവൺമെന്റ്് അവസാനിപ്പിക്കുന്നതിന് അധികകാലമില്ല. പിഎംജിഎസ്വൈ നാലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ഈ അവസരത്തിൽ വനംവകുപ്പ് ഈ കാര്യത്തിൽ സത്വരനടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വനംമന്ത്രിയെ ബോധ്യപ്പെടുത്തിയതായി എംപി അറിയിച്ചു.