ദേശീയപാത 85ലെ നിര്‍മാണ പ്രതിസന്ധി ; മന്ത്രിയുടെ ഓഫീസിനു മുമ്പില്‍ ഇന്ന് ഉപവാസം
1588256
Sunday, August 31, 2025 11:53 PM IST
അടിമാലി: ദേശീയപാത -85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമാണപ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫീസിന് മുന്നില്‍ ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും.
ഹൈക്കോടതിയില്‍ ദേശീയപാത - 85 സംബന്ധിച്ച കേസെടുത്തപ്പോള്‍ ഈ ഭാഗം വനമല്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ കൈവശമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ കേസ് മാറ്റിവച്ചിരിക്കുകയാണെന്ന് ദേശീയപാത സംരക്ഷണ സമിതി ആരോപിക്കുന്നു.
ദേശീയപാത അധികൃതര്‍ ഹൈക്കോടതിയില്‍ ഹാജരാകുകയും നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് വികസനം നടക്കുന്ന ഭാഗം വനമല്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണെന്നും രേഖകള്‍ സഹിതം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വനമല്ലെന്ന സര്‍ക്കാര്‍ നിലപാട് വാക്കാല്‍ പറയുകയാണ് ഉണ്ടായത്. ഇത് ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ദേശീയപാത സംരക്ഷണസമിതി ആരോപിക്കുന്നു.
സമരത്തില്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ആളുകള്‍ പങ്കെടുക്കുമെന്ന് ദേശീയപാത സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ ഒൻപതിനു അടിമാലിയില്‍നിന്നു സമരത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങളും ആളുകളും ചെറുതോണിക്ക് പുറപ്പെടുമെന്നും ദേശീയപാത സംരക്ഷണസമിതി വ്യക്തമാക്കി.