ഓണാവധി: വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരക്കിലേക്ക്
1587716
Friday, August 29, 2025 11:44 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ജില്ലയിലേക്കു വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടി. ഇടവിട്ടുള്ള മഴ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഇന്നലെ മുതൽ വിദ്യാലയങ്ങൾ അടച്ചതിനാൽ ഇന്നു മുതൽ സഞ്ചാരികളുടെ വലിയ പ്രവാഹംതന്നെയാണ് പ്രതീക്ഷിക്കുന്നത്.
വാഗമണിലെയും മൂന്നാറിലെയും മഞ്ഞും തണുപ്പും ആസ്വദിക്കാൻ ഒട്ടേറെ വിനോദ സഞ്ചാരികൾ ഇപ്പോൾ എത്തുന്നുണ്ട്. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് വർധിച്ചതായി ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു.
വെള്ളച്ചാട്ടങ്ങളും സജീവം
ഓണം അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽനിന്നടക്കം സഞ്ചാരികളെത്തും. ഒട്ടേറെ പേർ മാസങ്ങൾക്കു മുന്പുതന്നെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. സന്ദർശകർക്കായി ടൂർ ഓപ്പർമേറ്റർമാർ മുഖേന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
മഴ പെയ്തു നിൽക്കുന്നതിനാൽ വെള്ളച്ചാട്ടങ്ങളും ജലസമൃദ്ധമാണ്. വാഹനം നിർത്തി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനും സഞ്ചാരികൾ സമയം കണ്ടെത്തുന്നുണ്ട്.
ഇതിനു പുറമെ ജില്ലയിലെ ചില മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂവിട്ടതും ദൃശ്യാനുഭവമാകും.
നല്ലൊരു വിഭാഗം സഞ്ചാരികൾ തമിഴ്നാട്ടിലെ കന്പത്ത് മുന്തിരിപ്പാടം കാണാനും എത്തും.
ഒാണം വാരാഘോഷം
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഓണം വാരാഘോഷം സംഘടിപ്പിക്കും. മൂന്നാർ, തേക്കടി, രാമക്കൽമേട്, തൊടുപുഴ എന്നിവിടങ്ങളിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പരിപാടി.
ഇതിനു 11 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതരും ഹോട്ടൽ, റിസോർട്ട് ഉടമകളും പറഞ്ഞു.